സമാധാനശ്രമങ്ങള്‍ക്ക് സര്‍വപിന്തുണ

കണ്ണൂര്‍: കലക്ടറേറ്റില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സമാധാന യോഗത്തില്‍ മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി നിയമസഭയില്‍ പ്രാതിനിധ്യമുള്ള പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് മാത്രമാണ് സംസാരിക്കാന്‍ അവസരം ലഭിച്ചത്. യോഗം ആരംഭിക്കുന്നതിന് മുമ്പുതന്നെ മൊബൈല്‍ ഫോണ്‍ ഓഫാക്കുന്നതിന് എല്ലാവര്‍ക്കും നിര്‍ദേശം ലഭിച്ചിരുന്നു. ആമുഖമായി മുഖ്യമന്ത്രി സംസാരിച്ചു. ജില്ലയില്‍ അക്രമം ഇല്ലാതാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളും യോഗത്തില്‍ അദ്ദേഹം വിശദീകരിച്ചു. പിന്നീട് സംസാരിച്ചവരും വിവിധ പാര്‍ട്ടി പ്രതിനിധികളും മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ സര്‍വാത്മനാ സ്വീകരിച്ചു. യോഗത്തില്‍ പങ്കെടുത്തുവെങ്കിലും കോടിയേരി ബാലകൃഷ്ണന്‍ ചര്‍ച്ചയില്‍ ഇടപെട്ടില്ല. മുഖ്യമന്ത്രി സംസാരിച്ചശേഷം യോഗത്തെ അഭിസംബോധന ചെയ്തത് പി. ജയരാജനാണ്. കോടിയേരി ബാലകൃഷ്ണനുനേരെ ബോംബേറുണ്ടായ സംഭവം പരാമര്‍ശിച്ചാണ് പി. ജയരാജന്‍ സംസാരിച്ചത്. അക്രമങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് സംരക്ഷണം നല്‍കില്ളെന്നും അക്രമങ്ങളുണ്ടായാല്‍ അതിനെ അപലപിക്കാനും തള്ളിപ്പറയാനും എല്ലാവിഭാഗവും തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. കോടിയേരിക്കെതിരായ ബോംബാക്രമണം സംബന്ധിച്ച് തങ്ങള്‍ക്കും ആശങ്കയുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും പിന്നീട് സംസാരിച്ച ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി പറഞ്ഞു. ആര്‍ക്കും സംഘടനാപ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടാവരുത്. ജില്ലയില്‍ പൂര്‍ണസമാധാനം വേണമെന്ന പൊതുനിലപാടിനോട് യോജിച്ച സമീപനമാണ് സംഘടനയുടേത്. വ്യക്തികള്‍ ചെയ്യുന്ന അക്രമങ്ങള്‍ പാര്‍ട്ടികള്‍ ഏറ്റെടുക്കുന്ന സ്ഥിതിയുണ്ടാവരുത്. ഇത്തരം സംഭവങ്ങളില്‍ രാഷ്ട്രീയമില്ളെങ്കില്‍ അക്കാര്യം ഉടന്‍ പൊതുജനങ്ങളെ അറിയിക്കാന്‍ പൊലീസ് തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയുടെ സല്‍പേരിന് കളങ്കമായ അക്രമസംഭവങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് സതീശന്‍ പാച്ചേനി പറഞ്ഞു. ജില്ലയിലെ ആയുധനിര്‍മാണവും ശേഖരണവും അവസാനിപ്പിക്കാന്‍ അടിയന്തരനടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. അക്രമങ്ങളിലേര്‍പ്പെടുന്ന സാമൂഹികദ്രോഹികളെ ഒറ്റപ്പെടുത്താന്‍ യോജിച്ചനീക്കങ്ങളാവശ്യമാണെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡന്‍റ് പി. കുഞ്ഞുമുഹമ്മദ് പറഞ്ഞു. ആരാധനാലയങ്ങള്‍ക്കുനേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ശക്തമായ നടപടികള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. എ.ഡി.എം ഇ. മുഹമ്മദ് യൂസുഫ്, പനോളി വത്സന്‍, മാര്‍ട്ടിന്‍ ജോര്‍ജ്, സി.വി. രവീന്ദ്രന്‍, ഇ.പി.ആര്‍. വേശാല, പി.ടി. ജോസ്, വി.വി. കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, സി.കെ. നാരായണന്‍, പി.വി. ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം സി.പി. മുരളി, ബി.ജെ.പി ജില്ല പ്രസിഡന്‍റ് പി. സത്യപ്രകാശ്, സംസ്ഥാന സെല്‍ കോഓഡിനേറ്റര്‍ കെ. രഞ്ജിത്, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, ജില്ല പ്രസിഡന്‍റ് പി. കുഞ്ഞുമുഹമ്മദ്, അബ്ദുല്‍ കരീം ചേലേരി, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല ജനറല്‍ സെക്രട്ടറി പള്ളിപ്രം പ്രസന്നന്‍, സെക്രട്ടറി സി. മുഹമ്മദ് ഇംതിയാസ്, ജനതാദള്‍ പാര്‍ലമെന്‍ററി ബോര്‍ഡ് അംഗം വി. രാജേഷ് പ്രേം, ഐ.എന്‍.എല്‍ ജില്ല പ്രസിഡന്‍റ് കളരിയില്‍ ഷുക്കൂര്‍, സംസ്ഥാന ട്രഷറര്‍ ബി. ഹംസഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.