ജാതി വിവേചനത്തിനെതിരെ നിരാഹാരം തുടരുന്നു

കണ്ണൂര്‍: അഴീക്കല്‍ പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്ര കമ്മിറ്റിയുടെ ജാതി വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ രാഷ്ട്രീയ സഭ കലക്ടറേറ്റ് പടിക്കല്‍ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക്. സഭ നേതാവ് തെക്കന്‍ സുനില്‍കുമാര്‍ കഴിഞ്ഞ ദിവസം നിരാഹാരം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച തദ്ദേശവാസിയായ പ്രസീത കൊയിലേരിയന്‍ നിരാഹാരമനുഷ്ഠിച്ചു തുടങ്ങി. ക്ഷേത്രത്തിലെ തിരുവായുധമെഴുന്നള്ളിപ്പ് പുലയ സമുദായാംഗങ്ങളുടെ വീടുകളില്‍ പ്രവേശിക്കാതെ ജാതി വിവേചനം കാട്ടുന്നുവെന്നാരോപിച്ചാണ് സമരം. പട്ടികജാതിക്കാര്‍ക്കുനേരെ നടക്കുന്ന ജാതീയ വിവേചനത്തിനും അയിത്താചാരത്തിനുമെതിരെ നടപടിയാവശ്യപ്പെട്ട് സമരക്കാര്‍ ഇന്നലെ കലക്ടര്‍ക്ക് പരാതി നല്‍കി. തീയ സമുദായത്തിന്‍െറ ഉടമസ്ഥതയിലാണെങ്കിലും ക്ഷേത്ര ഭാരവാഹികള്‍ സമുദായം എന്നതിലപ്പുറം പാര്‍ട്ടി എന്ന നിലയിലാണ് പെരുമാറുന്നതെന്ന് അവര്‍ ആരോപിച്ചു. എന്നാല്‍, ക്ഷേത്രത്തില്‍ ഒരുവിഭാഗത്തിനും അയിത്തമില്ളെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. ദലിതര്‍ക്ക് അയിത്തമുണ്ടെന്ന് ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ നടത്തുന്ന പ്രചാരണവും സമരവും തീര്‍ത്തും വസ്തുതാവിരുദ്ധവും സ്വാര്‍ഥലാഭത്തിനുമുള്ളതാണ്. ജനകീയ കമ്മിറ്റിക്ക് കീഴിലാണ്് ക്ഷേത്ര ഭരണമെന്നും ഏതെങ്കിലും പാര്‍ട്ടിക്ക് മാത്രം ഭരണത്തില്‍ നേതൃത്വമില്ളെന്നും അവര്‍ പറഞ്ഞു. ക്ഷേത്രത്തിലെ തിരുവായുധം എഴുന്നള്ളിപ്പ് പോകുന്നത് 1915ലെ നിശ്ചയ രേഖയില്‍ പ്രതിപാദിക്കും പ്രകാരം തീയ സമുദായാംഗങ്ങളായ വീടുകളിലും ആചാര പ്രകാരമുള്ള ആശാരി, കൊല്ലന്‍, തട്ടാന്‍, കാവുതീയ, മുക്കുവ എന്നീ ഇതര സമുദായ വീടുകളിലുമാണ്. ക്ഷേത്രനടയില്‍ നടക്കുന്ന ചോറൂണ്, വിദ്യാരംഭം, വിവാഹം, നാമകരണം, മറ്റ് വിശേഷാല്‍ പൂജാദി കര്‍മങ്ങള്‍ എന്നിവയില്‍ പങ്കെടുക്കാന്‍ തീയ സമുദായത്തിനെന്ന പോലെ ജാതിമത ഭേദമന്യേ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും ജനകീയ കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.