ചിറക്കലില്‍ പുഴകൈയേറ്റം വ്യാപകമെന്ന് തഹസില്‍ദാര്‍

പുതിയതെരു: ചിറക്കല്‍ പഞ്ചായത്തില്‍ വ്യാപക പുഴകൈയേറ്റവും അനധികൃതനിര്‍മാണവും നടത്തിയത് ബോധ്യപ്പെട്ടതായി കണ്ണൂര്‍ താലൂക്ക് തഹസില്‍ദാര്‍ വി.എം. സജീവന്‍. ചിറക്കല്‍ കീരിയാട് വളപട്ടണം പുഴയുടെ ഭാഗമായ പുറമ്പോക്കുഭൂമി കൈയേറിയത് പരിശോധിക്കാന്‍ വ്യാഴാഴ്ച ചിറക്കല്‍ പഞ്ചായത്ത് ഭരണസമിതിയോടൊപ്പം എത്തിയതായിരുന്നു അദ്ദേഹം. 2016 ഏപ്രിലില്‍ വളപട്ടണം പുഴയോടുചേര്‍ന്ന പുറമ്പോക്കുഭൂമി താലൂക്ക് സര്‍വേ ടീം അളന്നുതിട്ടപ്പെടുത്തി കുറ്റിയടിച്ചിരുന്നു. എന്നാല്‍, ചിറക്കല്‍ കീരിയാടുനിന്നാരംഭിച്ച് ഏനുമ്മല്‍ വയല്‍, ചക്ക സൂപ്പിക്കടവ് മേഖലവരെ സര്‍വേ നടത്തി ഇവര്‍ സ്ഥാപിച്ച കുറ്റികള്‍ കൈയേറ്റക്കാര്‍ നശിപ്പിച്ചു. ഒടുവില്‍ താലൂക്ക് സമിതിയില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് മൂന്നാംഘട്ട സര്‍വേയുടെ ഭാഗമായി തഹസില്‍ദാരുള്‍പ്പെടെയുള്ളവരത്തെിയത്. അനധികൃത കൈയേറ്റവും ദൂരപരിധിലംഘിച്ച് നിര്‍മാണവും നടത്തിയ സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കിനല്‍കരുതെന്ന് പഞ്ചായത്ത് സെക്രട്ടറിക്കും ഭരണസമിതിക്കും തഹസില്‍ദാര്‍ നിര്‍ദേശം നല്‍കി. ആധുനിക ഉപകരണമായ ടോട്ടല്‍ സ്റ്റേഷന്‍ ഉപയോഗിച്ചുള്ള സര്‍വേയായതിനാല്‍ കൃത്യതയോടെയായിരുന്നു ഭൂമി തിട്ടപ്പെടുത്തിയത്. ആദ്യഘട്ട സര്‍വേക്കുശേഷവും ചിലര്‍ പുറമ്പോക്കുഭൂമി കൈയേറി മണ്ണിട്ട് നികത്തിയിരുന്നു. തീരദേശ ദൂരപരിധി ലംഘിച്ച് കെട്ടിടനിര്‍മാണവും നടന്നിട്ടുണ്ട്. ഏതാനും മരവ്യവസായ സ്ഥാപനങ്ങള്‍ മരം കയറ്റുന്നതിനുള്ള യന്ത്രം സ്ഥാപിച്ചതും പുഴയിലാണ്. അതിര്‍ത്തി നിര്‍ണയിച്ച് സര്‍വേക്കല്ലുകള്‍ സ്ഥാപിക്കുന്നതിനുള്‍പ്പെടെയുള്ള ചെലവുകള്‍ ചിറക്കല്‍ പഞ്ചായത്ത് ഒടുക്കിയിരുന്നു. കഴിഞ്ഞദിവസം പ്രാഥമിക പരിശോധന നടത്തിയെങ്കിലും അടുത്തദിവസംതന്നെ അളവ് കഴിഞ്ഞ പ്രദേശത്ത് വീണ്ടും അളവ് നടത്തി ജണ്ടകള്‍ സ്ഥാപിക്കും. വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രാദേശിക ജാഗ്രതാസമിതി രൂപവത്കരിച്ച് പ്രവൃത്തി വിലയിരുത്തുമെന്നും അനധികൃത കൈയേറ്റവും നിര്‍മാണവും തടയുന്നതിനുള്ള സംവിധാനം രൂപപ്പെടുത്തുമെന്നും പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു. തഹസില്‍ദാരോടൊപ്പം ചിറക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് എ. സോമന്‍, സെക്രട്ടറി പി. ഉഷ, സര്‍വേയര്‍മാരായ പി. വിനോദ്, ജിജി ഫിലിപ്, വി.കെ. സുരേഷ്, ചെയിന്‍മാന്‍മാരായ കെ. ബാബു, ജെ. ഗിരീഷ്, ടി.പി. റഹിയാനത്ത്, ചിറക്കല്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. പവിത്രന്‍, എന്‍. പ്രകാശന്‍, മെംബര്‍മാരായ കെ. രമേശ്, കെ.വി. സിന്ധു, സി.പി. ജലാലുദ്ദീന്‍, കര്‍ഷകസംഘം വില്ളേജ് സെക്രട്ടറി ടി. രാമചന്ദ്രന്‍, കോണ്‍ഗ്രസ് ചിറക്കല്‍ മണ്ഡലം സെക്രട്ടറി കെ. ബാബു എന്നിവരുമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.