പാട്യം സമ്പൂര്‍ണ ഭക്ഷ്യസുരക്ഷ പഞ്ചായത്തായി

കൂത്തുപറമ്പ്: കൂത്തുപറമ്പ് മണ്ഡലത്തിലെ പാട്യം പഞ്ചായത്തിനെ സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ ഭക്ഷ്യസുരക്ഷ പഞ്ചായത്തായി പ്രഖ്യാപിച്ചു. പാട്യം പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രഖ്യാപനവും സമ്പൂര്‍ണ ഭക്ഷ്യസുരക്ഷ ഗ്രാമ പഞ്ചായത്ത് പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനവും ആരോഗ്യ സാമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു. പദ്ധതിയില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. നിരോധിച്ചതടക്കമുള്ള മാരക കീടനാശിനികളാണ് ഭക്ഷ്യവസ്തുക്കളില്‍ വ്യാപകമായി ഉപയോഗിക്കുന്നത്. ഇതിനെതിരെ ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും ഇപ്പോഴും കീടനാശിനി പ്രയോഗം തുടരുകയാണ്. ശക്തമായ ബോധവത്കരണത്തിലൂടെ മാത്രമേ ഇത്തരം നടപടികള്‍ നിയന്ത്രിക്കാനാവൂ. അതോടൊപ്പം, മായം കണ്ടുപിടിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമീഷണര്‍ ഡോ. നവ്ജോത് ഖോസ പദ്ധതി വിശദീകരിച്ചു. കൂത്തുപറമ്പ് നഗരസഭ ചെയര്‍മാന്‍ എം. സുകുമാരന്‍, പാട്യം പഞ്ചായത്ത് പ്രസിഡന്‍റ് വി. ബാലന്‍, കോട്ടയം പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഷബ്ന, പഞ്ചായത്ത് സെക്രട്ടറി കെ. പ്രദീപ്, കെ. പ്രവീണ്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആരോഗ്യ, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ ബ്രോഷറുകള്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.