ഫാഷിസത്തെ എതിര്‍ക്കുന്നവരെ ദേശദ്രോഹികളാക്കി ചിത്രീകരിക്കുന്നു– കമല്‍

കൂത്തുപറമ്പ്: ഫാഷിസത്തെ എതിര്‍ക്കുന്നവരെ ദേശദ്രോഹികളാക്കി മാറ്റാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘത്തിന്‍െറ ആഭിമുഖ്യത്തില്‍ കൂത്തുപറമ്പില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് തനിക്കും എം.ടിക്കും നേരെയാണ് ഭീഷണി ഉണ്ടായതെങ്കില്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ആര്‍ക്കെതിരെയും ഫാഷിസ്റ്റ് ഭീഷണി ഉയര്‍ന്നുവരാം. ദേശീയതയും ദേശസ്നേഹവും രണ്ടും രണ്ടാണ്. കപട ദേശീയബോധത്തിന്‍െറ അടിസ്ഥാനത്തിന്‍ ദേശീയത സൃഷ്ടിക്കാനാണ് ഒരുവിഭാഗം വര്‍ഗീയവാദികള്‍ ശ്രമിക്കുന്നത്. ദേശീയതയെ ഹൈന്ദവതയാക്കി മാറ്റാനും ഇക്കൂട്ടര്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്. തങ്ങളുടെ ഇഷ്ടത്തിന് നില്‍ക്കാത്തവര്‍ പാകിസ്താനിലേക്ക് പോകണമെന്നാണ് ഫാഷിസ്റ്റുകള്‍ ആജ്ഞാപിക്കുന്നത്. മതങ്ങളുടെയും ഉത്സവങ്ങളുടെയും പിന്നാലെപോകുന്നതിന് ഉപരിയായി കലാസാഹിത്യ മേഖലകളില്‍ ഇടപെടാന്‍ പുതിയതലമുറ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. കൂത്തുപറമ്പില്‍ ആരംഭിക്കുന്ന കേരള ടാക്കീസിന്‍െറ ഉദ്ഘാടനം കമല്‍ നിര്‍വഹിച്ചു.കൂത്തുപറമ്പ് നഗരസഭാ ചെയര്‍മാന്‍ എം. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജന്‍ കമലിന് ഉപഹാരം നല്‍കി. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ വി.കെ. ജോസഫ്, സംവിധായകരായ ടി. ദീപേഷ്, ഷെറി, വിധു വിന്‍സെന്‍റ്, കഥാകൃത്ത് ജിനേഷ്കുമാര്‍ എരമം, എം.കെ. മനോഹരന്‍, എം.കെ. വിനോദ്, കെ. ധനഞ്ജയന്‍, സി. വിജയന്‍, ഹരിദാസ് മൊകേരി, എന്‍.ധനഞ്ജയന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.