തുലാമഴക്കുറവ്: കുരുമുളകുവള്ളികള്‍ കരിഞ്ഞുണങ്ങുന്നു; കര്‍ഷകര്‍ ആശങ്കയില്‍

കാഞ്ഞങ്ങാട്: തുലാമഴ ലഭിക്കാത്തതിനെ തുടര്‍ന്ന് കുരുമുളകുവള്ളികള്‍ കരിഞ്ഞുണങ്ങാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ ആശങ്കയിലായി. നല്ല കുരുമുളകിന് കിലോക്ക് 550 രൂപ മുതല്‍ 650 രൂപ വില കിട്ടുമ്പോഴാണ് കര്‍ഷകരെ ആശങ്കയിലാക്കി കുരുമുളകുവള്ളികള്‍ വ്യാപകമായി കരിഞ്ഞുണങ്ങുന്നത്. മഴ ലഭിക്കാത്തതുതന്നെയാണ് കുരുമുളകുവള്ളികള്‍ കരിയുന്നതിന് കാരണമെന്ന് സ്പൈസസ് ബോര്‍ഡ് അധികൃതര്‍ പറയുന്നു. ദിവസവും നനച്ചിട്ടും പൂത്തവള്ളികളില്‍ മൂപ്പത്തൊതെ വളര്‍ച്ച മുരടിച്ചുനില്‍ക്കുന്നതായി കര്‍ഷകര്‍ പറയുന്നു. ഇന്ത്യയെ കൂടാതെ ഇന്തോനേഷ്യ, മലേഷ്യ, തായ്ലന്‍ഡ്, ആഫ്രിക്ക, ബ്രസീല്‍, ശ്രീലങ്ക, വിയറ്റ്നാം, ചൈന എന്നിവിടങ്ങളിലാണ് വ്യാപകമായി കുരുമുളക് കൃഷിചെയ്യുന്നത്. എന്നാല്‍, അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ത്യന്‍ ബ്ളാക് പെപ്പറിന് പണ്ടുമുതലേ പ്രിയംകൂടുതലാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ മലബാര്‍ തീരങ്ങളില്‍നിന്ന് പറിച്ചെടുക്കുന്ന കുരുമുളകിന് വിദേശവിപണിയില്‍ വന്‍ വില ലഭിക്കാറുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മലേഷ്യ, ശ്രീലങ്ക, ഇന്തോനേഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള കുരുമുളകിനായിരുന്നു മാര്‍ക്കറ്റില്‍ പ്രിയം. എന്നാല്‍, അവയുടെ ഗുണനിലവാരത്തില്‍ വ്യത്യാസമുണ്ടായതോടെ ഇന്ത്യന്‍ കുരുമുളകിന് വീണ്ടും പ്രിയമേറിത്തുടങ്ങി. വില മാര്‍ക്കറ്റില്‍ കുതിച്ചുയരുന്നതിനിടയിലാണ് പലയിടത്തും വള്ളികള്‍ കരിഞ്ഞുണങ്ങാന്‍ തുടങ്ങിയത്. ചിലയിടങ്ങളില്‍ ദ്രുതവാട്ടവും കണ്ടുതുടങ്ങിയിട്ടുണ്ട്. നീണ്ട തുലാമഴയെ തുടര്‍ന്ന് ലഭിക്കുന്ന ചെറിയ കുളിരുള്ള വെയിലിലാണ് കേരളത്തില്‍ കുരുമുളക് വിളവെടുപ്പിന് തയാറാവാറുള്ളത്. ജനുവരി മുതല്‍ മാര്‍ച്ച് ആദ്യം വരെയാണ് ഇവയുടെ വിളവെടുപ്പുകാലം. നവംബര്‍ പകുതിയോടെ ഉണര്‍ന്ന് ധനു-മകരങ്ങളില്‍ കളിയാട്ടോത്സവം നടക്കുന്ന മലബാറിലെ പല തെയ്യം കാവുകളിലും കുരുമുളക് നേര്‍ച്ചയുമുണ്ട്. എന്നാല്‍, കാലാവസ്ഥ മാറിയതോടെ അനുഷ്ഠാനങ്ങള്‍ക്കും മാറ്റംവന്നിരിക്കുന്നു. ഇത്തവണ നന്നായി പൂത്തിരുന്നുവെങ്കിലും ഉല്‍പാദനത്തില്‍ വന്‍ കുറവ് വന്നതോടെ കുരുമുളകിന്‍െറ വിലവര്‍ധന കര്‍ഷകന് ലഭിക്കാതെയായി. മഴയില്ലാത്ത കാരണം മിക്ക കര്‍ഷകരും കുരുമുളക് നിത്യേന വെള്ളം തേവി നനച്ചാണ് കൃഷി ചെയ്തത്. എന്നിട്ടും, മണികള്‍ക്ക് വലുപ്പമോ തൂക്കമോ ഇല്ളെന്ന് ഇവര്‍ പറയുന്നു. സ്പൈസസ് ബോര്‍ഡിനോ കൃഷിവകുപ്പിനോ കര്‍ഷകന്‍െറ സംശയങ്ങള്‍ക്ക് മറുപടിനല്‍കാനുമാവുന്നില്ല. രണ്ടുതരം ഫംഗസ് രോഗങ്ങളും കീടംകൊണ്ടുള്ള രോഗവും മാത്രമാണ് കുരുമുളകിനെ സാധാരണ ബാധിക്കാറുള്ളത്. എന്നാല്‍, വെള്ളം നനച്ചിട്ടും കരിഞ്ഞുണങ്ങുന്നത് എന്താണെന്ന് കണ്ടുപിടിക്കാന്‍ കൃഷിവകുപ്പിനും കഴിഞ്ഞിട്ടില്ല. അവരും കാലാവസ്ഥ മാറ്റത്തെതന്നെയാണ് കുറ്റം പറയുന്നത്. കശുവണ്ടിയുടെയും അവസ്ഥ ഏതാണ്ട് സമാനമാണ്. കിലോക്ക് 135 രൂപ മുതല്‍ മുകളിലോട്ട് വിലയുണ്ടെങ്കിലും കശുവണ്ടിയും പൂത്തുണങ്ങുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.