കെ.പി. രാജേന്ദ്രനെ നിലക്കുനിര്‍ത്താന്‍ സി.പി.ഐ തയാറാകണം– എന്‍.വൈ.സി

കണ്ണൂര്‍: ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍െറ വീട്ടിലേക്ക് എ.ഐ.ടി.യു.സിക്കാര്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനംചെയ്ത എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയും സി.പി.ഐയുടെ മുന്‍ മന്ത്രിയുമായ കെ.പി. രാജേന്ദ്രന്‍െറ നടപടി മുന്നണിമര്യാദകളുടെ ലംഘനമാണെന്ന് നാഷനലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് (എന്‍.വൈ.സി) സംസ്ഥാന പ്രസിഡന്‍റ് അഡ്വ. മുജീബ് റഹ്മാന്‍ കുറ്റപ്പെടുത്തി. എന്‍.വൈ.സി ജില്ല നേതൃക്യാമ്പ് കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി മന്ത്രിസഭയോഗത്തില്‍ ഉന്നയിക്കുകയും മുഖ്യമന്ത്രി അതുസംബന്ധിച്ച് മാധ്യമങ്ങളോടടക്കം വിശദീകരണം നടത്തുകയും ചെയ്തിരുന്നതാണ്. എന്നിട്ടും വിഷയത്തില്‍ വകുപ്പ് മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത് അല്‍പത്തരവും മാധ്യമശ്രദ്ധ പിടിച്ചുപറ്റാനും മാത്രമാണ്. റേഷന്‍സംവിധാനം താറുമാറായ സാഹചര്യത്തില്‍ ഭക്ഷ്യമന്ത്രിയുടെ വീട്ടിലേക്കായിരുന്നു കെ.പി. രാജേന്ദ്രനും കൂട്ടരും മാര്‍ച്ച് നടത്തേണ്ടിയിരുന്നത്. കെ.പി. രാജേന്ദ്രനെതിരെ സി.പി.ഐ നേതൃത്വം നടപടി സ്വീകരിക്കാത്തപക്ഷം സി.പി.ഐ മന്ത്രിമാരുടെ വസതികളിലേക്ക് എന്‍.വൈ.സി മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജില്ല പ്രസിഡന്‍റ് എം. പ്രശാന്തന്‍ അധ്യക്ഷത വഹിച്ചു. എന്‍.സി.പി ജില്ല പ്രസിഡന്‍റ് വി.വി. കുഞ്ഞികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍.വൈ.സി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ഷിജിത്ത്, എന്‍.സി.പി സംസ്ഥാന നിര്‍വാഹക സമിതിയംഗങ്ങളായ കെ. സുരേഷ്, രാമചന്ദ്രന്‍ തില്ലങ്കേരി, ഹമീദ് ഇരിണാവ്, ജില്ല വൈസ് പ്രസിഡന്‍റ് സി.എച്ച്. പ്രഭാകരന്‍, ജനറല്‍ സെക്രട്ടറിമാരായ അജയന്‍ പായം, പി. ശിവദാസ്, കെ.വി. രജീഷ്, കെ. കോമളം, ജോബിഷ് മുണ്ടത്താനത്ത് എന്നിവര്‍ സംസാരിച്ചു. പഠന ക്ളാസിന് മുകുന്ദന്‍ മഠത്തില്‍, എം. പ്രദീപ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.