നാവിക അക്കാദമി മാലിന്യപ്രശ്നം: മാലിന്യപ്ളാന്‍റ് വിദഗ്ധര്‍ പരിശോധിക്കും –സബ് കലക്ടര്‍

പയ്യന്നൂര്‍: രാമന്തളിയിലെ ജനവാസകേന്ദ്രത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നാവിക അക്കാദമിയുടെ മാലിന്യപ്ളാന്‍റ് ജനജീവിതം ദുസ്സഹമാക്കുന്നുവെന്ന കര്‍മസമിതിയുടെ പരാതിയില്‍ സബ് കലക്ടറുടെ നേതൃത്വത്തില്‍ പ്രതിനിധിസംഘം അക്കാദമി സന്ദര്‍ശിച്ചു. അക്കാദമി ഗേറ്റിനു മുന്നില്‍ ധര്‍ണ നടത്തുകയായിരുന്നവരെ കാണുന്നതിന് സബ് കലക്ടര്‍ തയാറായില്ളെന്ന് ആരോപിച്ച് കര്‍മസമിതിയുടെ നേതൃത്വത്തില്‍ അരമണിക്കൂറോളം റോഡ് ഉപരോധിച്ചു. ഇന്നലെ വൈകീട്ട് നാലോടെയാണ് സബ് കലക്ടര്‍ രോഹിത്ത് മീണയുടെ നേതൃത്വത്തില്‍ ഭൂഗര്‍ഭ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും രാമന്തളിയിലെ മാലിന്യ പ്രശ്നബാധിത സ്ഥലങ്ങളും നാവിക അക്കാദമിയിലെ മാലിന്യപ്ളാന്‍റും സന്ദര്‍ശിച്ചത്. സബ് കലക്ടര്‍ക്കൊപ്പം പഞ്ചായത്ത് പ്രസിഡന്‍റും ഉണ്ടായിരുന്നു. തുടര്‍ന്ന് കര്‍മസമിതി ഭാരവാഹികളെ കാണാതെ അക്കാദമിക്കകത്തേക്ക് പോകാന്‍ശ്രമിച്ചതാണ് റോഡ് ഉപരോധിക്കാന്‍ കാരണമായത്. അരമണിക്കൂറോളം കര്‍മസമിതി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. തുടര്‍ന്ന് സബ്കലക്ടര്‍ സമരപ്പന്തല്‍ സന്ദര്‍ശിക്കുകയും കര്‍മസമിതി ഭാരവാഹികളെയും കൂട്ടി അക്കാദമി മാലിന്യപ്ളാന്‍റ് സന്ദര്‍ശിക്കുകയുമായിരുന്നു. തുടര്‍ന്ന് നാവിക അക്കാദമി അധികൃതരുമായി വിഷയം ചര്‍ച്ചചെയ്ത സബ് കലക്ടര്‍ വീണ്ടും സമരപ്പന്തല്‍ സന്ദര്‍ശിച്ച് ചര്‍ച്ചയുടെ വിശദാംശങ്ങള്‍ കര്‍മസമിതി പ്രവര്‍ത്തകരെ അറിയിച്ചു. പ്ളാന്‍റ് വിദഗ്ധസംഘത്തെ കൊണ്ട് പരിശോധിപ്പിക്കാന്‍ തീരുമാനമായതായി അദ്ദേഹം വ്യക്തമാക്കി. അതിനുമുമ്പായി കിണര്‍ വെള്ളത്തിലെയും മാലിന്യപ്ളാന്‍റിലെയും ബാക്ടീരിയയുടെ തോത് താരതമ്യം ചെയ്യുന്നതിനായി പരിശോധനക്കയക്കും. വെള്ളം മലിനമായ പ്രദേശത്ത് കുടിവെള്ളം നല്‍കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അദ്ദേഹം നിര്‍ദേശവും നല്‍കി. രാവിലെ അക്കാദമി ഗേറ്റിനുസമീപം നടന്ന ധര്‍ണ പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആര്‍. കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി. നാരായണ പൊതുവാള്‍, ഹേമലത എസ്. നായര്‍, ശങ്കരന്‍ അടിയോടി, വിനോദ്കുമാര്‍ രാമന്തളി, പി.വി. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ.പി. രാജേന്ദ്രകുമാര്‍ സ്വാഗതവും സുനില്‍ രാമന്തളി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.