ഓവുചാല്‍ നിര്‍മാണം ഇഴയുന്നു; പൊടിയില്‍ കുളിച്ച് പയ്യന്നൂര്‍

പയ്യന്നൂര്‍: പയ്യന്നൂര്‍ പ്രധാനപാതയില്‍ രണ്ടുമാസം മുമ്പ് ആരംഭിച്ച ഓവുചാല്‍ നിര്‍മാണം ഇഴയുന്നു. ഓവുചാല്‍ പ്രവൃത്തി നീണ്ടതോടെ നഗരം പൊടിയില്‍ കുളിക്കുകയാണ്. വടക്കുഭാഗത്തെ പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. സെന്‍റ് മേരീസ് സ്കൂള്‍ മുതല്‍ സെന്‍ട്രല്‍ ബസാര്‍വരെ ചാലുകള്‍ കീറി കോണ്‍ക്രീറ്റ് ചെയ്തുവെങ്കിലും സ്ളാബ് സ്ഥാപിക്കല്‍ പൂര്‍ത്തിയായിട്ടില്ല. മാത്രമല്ല കുഴിച്ചെടുത്ത മണ്ണ് മിക്കയിടത്തും മാറ്റിയിട്ടില്ല. ഇതിലൂടെ വാഹനം പോകുമ്പോള്‍ പൊടിശല്യം രൂക്ഷമാവുകയാണ്. വ്യാപാരികളും മറ്റും മുഖാവരണം ധരിച്ചാണ് ജോലി ചെയ്യുന്നത്. ആധുനിക നിര്‍മാണ രീതി അവലംബിച്ച് പുറത്തുനിന്നുള്ള കോണ്‍ക്രീറ്റ് ഉപയോഗിച്ച് ഓവുചാലുകളുടെ ഭിത്തി നിര്‍മിച്ചിരുന്നുവെങ്കില്‍ ഒരു പരിധിവരെ പ്രവൃത്തി വേഗത്തിലാക്കാമെന്ന അഭിപ്രായം ഉയരുന്നു. നിര്‍മാണ പ്രവൃത്തിയെക്കുറിച്ചും വ്യാപക പരാതി ഉയരുന്നുണ്ട്. വടക്കു ഭാഗത്ത് പുതുതായി സ്ഥാപിച്ച സ്ളാബുകളില്‍ ഭൂരിഭാഗവും പൊട്ടിയവയാണ്. നെടുകെ കീറ് വീണവയാണ് മിക്ക സ്ളാബുകളും. പൊട്ടി രണ്ടു കഷണങ്ങളായവയും കുറവല്ല. ആവശ്യത്തിന് സിമന്‍റ് ചേര്‍ക്കാത്തതിനാലും കോണ്‍ക്രീറ്റിനു ശേഷം വെള്ളമൊഴിക്കാത്തതുമാണ് പൊട്ടാന്‍ കാരണമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് നിലനിര്‍ത്തുന്നപക്ഷം ഒരു വര്‍ഷത്തിനകം സ്ളാബുകള്‍ പൊട്ടി പഴയ നിലയിലാകാനിടയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അരികുകളിലെ കോണ്‍ക്രീറ്റിന് നനക്കുന്നില്ളെന്നും പരാതിയുണ്ട്. ബന്ധപ്പെട്ട എന്‍ജിനീയര്‍മാര്‍ ശ്രദ്ധിക്കുന്നില്ളെന്നും കരാറുകാര്‍ സ്വന്തം ഇഷ്ടത്തിന് പ്രവൃത്തി ചെയ്യുകയാണെന്നും നാട്ടുകാര്‍ ആരോപിച്ചു. പരക്കെ കുഴിയെടുത്ത് പോകുന്നതിനു പകരം കുറച്ചു ഭാഗത്ത് നിര്‍മാണം പൂര്‍ത്തിയാക്കി മറ്റ് ഭാഗത്തേക്ക് കടന്നാല്‍ പൊടിശല്യം നഗരം മുഴുവന്‍ വ്യാപിക്കില്ളെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.