തൈക്കടപ്പുറത്തെ പുറംകടലില്‍ ഉരു മുങ്ങി

നീലേശ്വരം: മംഗളൂരുവില്‍നിന്ന് ലക്ഷദ്വീപിലേക്ക് പുറപ്പെട്ട ഉരു തൈക്കടപ്പുറം പുറംകടലില്‍ മുങ്ങി. ഉരുവിലുണ്ടായിരുന്ന അഞ്ചുപേര്‍ സാഹസികമായി രക്ഷപ്പെട്ടു. ശക്തമായ തിരമാലയിലും കാറ്റിലുംപെട്ടാണ് ഉരു മുങ്ങിയത്. സിമന്‍റ്, ജില്ലി, മറ്റ് അസംസ്കൃത സാധനങ്ങള്‍ എന്നിവയുമായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉരു മംഗളൂരുവില്‍നിന്ന് പുറപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ ആറോടെയാണ് ഉരു മുങ്ങിയത്. മുങ്ങിയ ഉരുവിലുണ്ടായിരുന്ന ബാരലുകള്‍ക്ക് മുകളില്‍ അള്ളിപ്പിടിച്ചാണ് രക്ഷപ്പെട്ടവര്‍ കടലില്‍ കഴിഞ്ഞത്. ഈ സമയം പുറംകടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ട തിരുവനന്തപുരം സ്വദേശികളായ ആന്‍റണി, വര്‍ഗീസ്, വടവരിയാല്‍, അരുണ്‍ദാസ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. തൈക്കടപ്പുറത്തുനിന്ന് 45 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് അപകടമുണ്ടായത്. ഉരുവിലുണ്ടായിരുന്ന ഗുജറാത്ത് സ്വദേശികളായ സുലൈമാന്‍ (30), ഷാഹുല്‍ഹമീദ് (30), സാലി മുഹമ്മദ് (45), അലി മുഹമ്മദ് (29), മുഹമ്മദ് ഇബ്രാഹീം (34) എന്നിവരാണ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. ഇവരെ പ്രാഥമിക ശുശ്രൂഷക്കുശേഷം ട്രെയിന്‍മാര്‍ഗം നാട്ടിലേക്കയച്ചു. നീലേശ്വരം എസ്.ഐ പി. നാരായണന്‍, എ.എസ്.ഐ പി.വി. കുഞ്ഞികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മുങ്ങിയ ഉരുവിലുണ്ടായിരുന്നവര്‍ക്ക് സഹായങ്ങള്‍ നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.