കല്ലിക്കണ്ടിയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച മത്സ്യമാര്‍ക്കറ്റ് പൂട്ടിച്ചു

പാനൂര്‍: കല്ലിക്കണ്ടിയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച മത്സ്യമാര്‍ക്കറ്റ് പഞ്ചായത്ത് അധികൃതര്‍ പൊലീസ് സഹായത്തോടെ പൂട്ടിച്ചു. മണിക്കൂറുകള്‍നീണ്ട നാടകീയമായ സംഭവങ്ങള്‍ക്കൊടുവില്‍ രാത്രി എട്ടുമണിയോടെയാണ് കട പൂട്ടിച്ച് സീല്‍ ചെയ്തത്. ലൈസന്‍സില്ലാതെയും കഴിഞ്ഞ ദിവസം മുതല്‍ തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്തില്‍ നടപ്പിലാക്കിയ പ്ളാസ്റ്റിക് വിമുക്ത പദ്ധതിക്ക് എതിരെയുമാണ് മത്സ്യമാര്‍ക്കറ്റിന്‍െറ പ്രവര്‍ത്തനമെന്ന് വെള്ളിയാഴ്ച രാവിലെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടത്തെിയിരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് മത്സ്യമാര്‍ക്കറ്റിന്‍െറ പ്രവര്‍ത്തനമെന്ന് ബോധ്യപ്പെട്ട ഉദ്യോഗസ്ഥസംഘം കട അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചു. എന്നാല്‍, നിര്‍ദേശം അനുസരിക്കാതെ ഉടമ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരോട് കയര്‍ക്കുകയായിരുന്നുവത്രെ. ബോര്‍ഡ് മീറ്റിങ് നടക്കുന്നതിനിടയില്‍ വിവരമറിഞ്ഞ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ യോഗം നിര്‍ത്തിവെച്ച് പ്രസിഡന്‍റ് കാട്ടൂര്‍ മുഹമ്മദിന്‍െറ നേതൃത്വത്തില്‍ സ്ഥലത്തത്തെി പരിശോധന നടത്തുകയും കാര്യങ്ങള്‍ ബോധ്യപ്പെടുകയും ചെയ്തു. പുഴുവരിക്കുന്ന മത്സ്യംകൂടി കണ്ടത്തെിയതോടെ കട അടക്കാന്‍ നിര്‍ദേശം നല്‍കി. എന്നാല്‍, പ്രസിഡന്‍റും സംഘവും മടങ്ങിയതോടെ വീണ്ടും പ്രവര്‍ത്തിപ്പിക്കുകയായിരുന്നത്രെ. തുടര്‍ന്നാണ് പൊലീസ് സഹായത്തോടെ കടപൂട്ടിച്ചത്. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സമീര്‍ പറമ്പത്ത്, എച്ച്.ഐ ബീന കുര്യന്‍, പഞ്ചായത്ത് സെക്രട്ടറി ടി.പി. മുസ്തഫ, അസി.സെക്രട്ടറി സജിത്ത് കുമാര്‍ എന്നിവരും നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.