ഉത്തര മലബാറിന് വന്‍ ടൂറിസം പദ്ധതി

തിരുവനന്തപുരം: ഉത്തര മലബാറിലെ നദികള്‍ കേന്ദ്രീകരിച്ച് വന്‍ ടൂറിസം പദ്ധതിക്ക് ടൂറിസം വകുപ്പ് രൂപം നല്‍കി. ഉത്തര മലബാറിലെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ക്കൂടി ഒഴുകുന്ന നദികളായ വളപട്ടണം പുഴ, മയ്യഴിപ്പുഴ, അഞ്ചരക്കണ്ടി, പെരുമ്പ, കൗവായി, തേജസ്വിനി, ചന്ദ്രഗിരി, കുപ്പം നദികളിലാണ് ടൂറിസം പദ്ധതി നടപ്പാക്കുന്നത്. ഉത്തര മലബാറിന്‍െറ പാരമ്പര്യകലകള്‍, തനത് ഭക്ഷണം, പരമ്പരാഗത തൊഴിലുകള്‍, കൃഷിരീതികള്‍, കരകൗശല പാരമ്പര്യം, പ്രകൃതിഭംഗി, ആയോധന കലകള്‍ ഇവയൊക്കെ വിനോദസഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. പദ്ധതി നടപ്പാക്കുന്ന എട്ട് നദിയിലും എട്ട് തീമുകളുടെ അടിസ്ഥാനത്തില്‍ വികസിപ്പിക്കാനാണ് പദ്ധതി വിഭാവനം ചെയ്യു ന്നത്. ഏകദേശം 200 കി.മീറ്ററിലുള്ള നദീതീരം പദ്ധതിയുടെ ഭാഗമായി വരുന്നതാണ്. കണ്ണൂരിലെ നിര്‍ദിഷ്ട അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ ബേക്കല്‍ വരെ നീളുന്നതാണ് പദ്ധതിപ്രദേശം. ഇതുസംബന്ധിച്ച് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍െറ അധ്യക്ഷതയില്‍ തിരുവനന്തപുരത്തുവെച്ച് വിപുലയോഗം ചേര്‍ന്നു. പ്രസ്തുത യോഗത്തില്‍ കണ്ണൂര്‍ എം.പി പി.കെ. ശ്രീമതി, എം.എല്‍.എമാരായ ജയിംസ് മാത്യു, സി. കൃഷ്ണന്‍, എം. രാജഗോപാല്‍, ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു.വി, ടൂറിസം ഡയറക്ടര്‍ യു.വി. ജോസ്, അഡീ. ഡയറക്ടര്‍ കെ. ബാലമുരളി, കണ്ണൂര്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആര്‍ക്കിടെക്ട് മധുകുമാര്‍ തയാറാക്കിയ പദ്ധതി സംബന്ധിച്ച രൂപരേഖ യോഗത്തില്‍ അവതരിപ്പിച്ചു. അടുത്തമാസം പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് വിപുലയോഗം കണ്ണൂരില്‍ വിളിച്ചുചേര്‍ക്കാനും തീരു മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.