ഹൃദയവേദനയോടെ പ്രവര്‍ത്തകര്‍

കണ്ണൂര്‍: സാധാരണക്കാരുടെ ഹൃദയത്തില്‍ എപ്പോഴും സ്ഥാനമുറപ്പിച്ച് വിശ്വപൗരനായി വളര്‍ന്ന ഇ. അഹമ്മദിന്‍െറ ഭൗതികശരീരം ജന്മനാട് ഏറ്റുവാങ്ങി. എപ്പോഴും സുസ്മേരവദനനായി കടന്നുവരാറുള്ള അദ്ദേഹത്തിന്‍െറ നിശ്ചലശരീരം തക്ബീര്‍വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തിലാണ് പ്രവര്‍ത്തകരും നേതാക്കളും ബന്ധുക്കളും ഏറ്റുവാങ്ങിയത്. എല്ലാ പ്രാര്‍ഥനകളെയും വിഫലമാക്കി തങ്ങളെ പ്രിയനേതാവ് വിടപറഞ്ഞുവെന്ന് വിശ്വസിക്കാനാവാതെ തേങ്ങുകയാണ് കണ്ണൂര്‍. കോഴിക്കോട്ടെ പൊതുദര്‍ശനത്തിനുശേഷം ബുധനാഴ്ച രാത്രി 11.30ഓടെയാണ് ജില്ല അതിര്‍ത്തിയായ മാഹിയില്‍ എത്തിയത്. നിരവധി പ്രവര്‍ത്തകര്‍ ഇവിടെ കാത്തുനിന്നിരുന്നു. തുടര്‍ന്ന് 12 മണിയോടെ പ്രവര്‍ത്തകരുടെ അകമ്പടിയില്‍ കണ്ണൂര്‍ താണയിലെ അദ്ദേഹത്തിന്‍െറ വസതിയായ ‘സിതാര’യിലേക്ക് എത്തിച്ചു. പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരുനോക്കു കാണാന്‍ വന്‍ജനക്കൂട്ടമാണ് വീടിനു മുന്നില്‍ കാത്തിരുന്നത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കൈതപ്രം ദാമോദരന്‍ നമ്പൂതിരിപ്പാട്, എം.എല്‍.എമാരായ എം.കെ. മുനീര്‍, കെ.എം. ഷാജി, ലീഗ് നേതാക്കളായ വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, എം.സി. മായിന്‍ഹാജി, പി. കുഞ്ഞിമുഹമ്മദ്, കരീം ചേലേരി, വി.പി. വമ്പന്‍, ടി.എ. തങ്ങള്‍, സി. സമീര്‍, എം.പി. മുഹമ്മദലി തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. മയ്യിത്ത് കാണുന്നതിന് നേരത്തേതന്നെ വലിയ ക്യൂ രൂപപ്പെട്ടിരുന്നു. പുലരുംവരെ നൂറുകണക്കിനുപേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയത്തെിയത്. ബുധനാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഹമ്മദിന്‍െറ വീട് സന്ദര്‍ശിച്ചിരുന്നു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ്, കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത, ഡി.സി.സി പ്രസിഡന്‍റ് സതീശന്‍ പാച്ചേനി, കെ.സി. ജോസഫ് എം.എല്‍.എ, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി യു.പി. സിദ്ദീഖ് മാസ്റ്റര്‍, ജില്ല പ്രസിഡന്‍റ് സി.പി. ഹാരിസ്, സെക്രട്ടറി കെ.എം. മഖ്ബൂല്‍ തുടങ്ങി നിരവധി പേര്‍ ‘സിതാര’യി ലത്തെി. ഇന്ന് രാവിലെ 8.30ന് അഹമ്മദ് ഏറെക്കാലം കൗണ്‍സിലറും ചെയര്‍മാനുമായ കണ്ണൂര്‍ കോര്‍പറേഷന്‍ കോമ്പൗണ്ടിലും 10 മുതല്‍ 10.30 വരെ സിറ്റി ദീനുല്‍ ഇസ്ലാം സഭ (ഡി.ഐ.എസ്) സ്കൂളിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. 11 മണിക്ക് കണ്ണൂര്‍ സിറ്റി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. തുടര്‍ന്ന് ദീനുല്‍ ഇസ്ലാം സഭ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സര്‍വകക്ഷി അനുശോചനയോഗം ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.