ഭരണാനുമതി ലഭിച്ച പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കണം ^ജില്ല വികസനസമിതി

ഭരണാനുമതി ലഭിച്ച പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കണം -ജില്ല വികസനസമിതി കണ്ണൂർ: ജില്ലയിലെ ഭരണാനുമതി ലഭിച്ച വിവിധ പദ്ധതികൾ സാങ്കേതികാനുമതി ലഭിക്കാത്തതിനാലും മറ്റും അനിശ്ചിതമായി വൈകുന്നത് ഒഴിവാക്കാൻ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് സത്വര നടപടികൾ ഉണ്ടാവണമെന്ന് ജില്ല വികസന സമിതി യോഗത്തിൽ എം.എൽ.എമാരായ സി. കൃഷ്ണൻ, ജെയിംസ് മാത്യു, ടി.വി. രാജേഷ് എന്നിവർ ആവശ്യപ്പെട്ടു. പല പദ്ധതികളും സാങ്കേതികമോ നിസ്സാരമോ ആയ കാരണങ്ങളാൽ മുടങ്ങിക്കിടക്കുകയാണ്. ഭരണാനുമതി ലഭിച്ച റോഡ് നിർമാണ പ്രവർത്തനങ്ങൾ സാങ്കേതികാനുമതി ലഭിക്കാത്തിനാൽ മാസങ്ങൾ കഴിഞ്ഞിട്ടും തുടങ്ങാൻ സാധിച്ചിട്ടില്ലെന്ന് ടി.വി. രാജേഷ് എം.എൽ.എ പറഞ്ഞു. പഴയങ്ങാടി ബസ്സ്റ്റാൻഡ് ഉൾപ്പെടെയുള്ള വിവിധ പ്രവൃത്തികൾക്ക് ഒരുവർഷം മുമ്പ് അംഗീകാരം ലഭിക്കുകയും ഫണ്ട് ലഭ്യമാവുകയും ചെയ്തിരുന്നു. എന്നാൽ, കണ്ണൂർ ഗവ. എൻജിനീയറിങ് കോളജി​െൻറ ഇൻവെസ്റ്റിഗേഷൻ പ്രവൃത്തികൾ പൂർത്തിയാവാത്തതിനാൽ ഒരു വർഷമായിട്ടും പദ്ധതി തുടങ്ങാനായില്ല. ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പഴശ്ശി കനാലിൽ മത്സ്യകൃഷി ചെയ്യുന്നതിന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നൽകിയ അപേക്ഷ പരിഗണിച്ച്് പദ്ധതി ഉടൻ ആരംഭിക്കാനുള്ള സൗകര്യങ്ങളൊരുക്കാൻ എക്സിക്യൂട്ടിവ് എൻജിനീയർക്ക് ജില്ല കലക്ടർ മിർ മുഹമ്മദലി നിർദേശം നൽകി. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ നടപ്പാക്കുന്ന 16 പ്രവൃത്തികളിൽ 12 എണ്ണത്തിന് ഇതിനകം അനുമതി ലഭിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ യോഗത്തെ അറിയിച്ചു. പഴയങ്ങാടി ടൂറിസം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന താൽക്കാലിക ബോട്ട് ജെട്ടി, നടപ്പാത, ശുചിമുറി എന്നിവയുടെ നിർമാണ പ്രവൃത്തികൾക്ക് സ്റ്റോപ് മെമ്മോ നൽകിയ പഞ്ചായത്ത് സെക്രട്ടറിയുടെ തീരുമാനത്തെക്കുറിച്ച് അന്വേഷിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് ജില്ല കലക്ടർ നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് ടി.വി. രാജേഷ് എം.എൽ.എ ഉന്നയിച്ച പരാതിയെ തുടർന്നാണ് നടപടി. ടൂറിസം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് നേരത്തേ പഞ്ചായത്ത് തീരുമാനമെടുക്കുകയും ഡി.ടി.പി.സിക്ക് കൈമാറുകയും ചെയ്ത സ്ഥലത്താണ് 90 ലക്ഷത്തി​െൻറ പ്രവൃത്തി ആരംഭിച്ചശേഷം നിർത്തിവെക്കാൻ ആവശ്യപ്പെട്ടതെന്ന് എം.എൽ.എ പറഞ്ഞു. യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ജില്ല കലക്ടർ മിർ മുഹമ്മദലി, അസിസ്റ്റൻറ് കലക്ടർ ആസിഫ് കെ. യൂസഫ്, ജില്ല പ്ലാനിങ് ഓഫിസർ കെ. പ്രകാശൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.