കരിവെള്ളൂരിലെ സഹകരണ സൊസൈറ്റി തട്ടിപ്പ്: നിലമ്പൂരിലെ അക്കൗണ്ടിലേക്ക്​ 1.10 കോടി നിക്ഷേപിച്ചു

കരിവെള്ളൂരിലെ സഹകരണ സൊസൈറ്റി തട്ടിപ്പ്: നിലമ്പൂരിലെ അക്കൗണ്ടിലേക്ക് 1.10 കോടി നിക്ഷേപിച്ചു മലപ്പുറം, കാസർകോട് ജില്ലയിലുള്ളവരും തട്ടിപ്പിൽ പങ്കാളികൾ 2016ലെ പരിശോധനയിൽ തട്ടിപ്പ് വ്യക്തമായിരുെന്നങ്കിലും ഒതുക്കിയതായി വിവരം പയ്യന്നൂർ: കരിവെള്ളൂരിലെ സോഷ്യൽ വർക്കേഴ്സ് വെൽഫെയർ കോ-ഓപറേറ്റിവ് സൊസൈറ്റിയിൽ മുക്കുപണ്ടം പണയംെവച്ച് മൂന്നേകാൽ കോടിയിലേറെ രൂപ തട്ടിയെടുത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ചാലക്കുടി സ്വദേശിയായ ചാണ്ടി കുര്യൻ എന്നുപേരുള്ള വ്യക്തിയുടെ അക്കൗണ്ടിലേക്ക് ഒരു കോടി 10 ലക്ഷം രൂപ നിക്ഷേപിച്ചതായി പ്രധാന പ്രതിയും സൊസൈറ്റി സെക്രട്ടറിയുമായ കെ.വി. പ്രദീപൻ അന്വേഷണസംഘത്തിന് മൊഴിനൽകി. പ്രദീപനും കേസിലെ മറ്റൊരു പ്രതിയായ കരിവെള്ളൂരിലെ ലൈറ്റ് ആൻഡ് സൗണ്ട് ഉടമ പി. പ്രശാന്തനും സുഹൃത്തുമാണ് പണം നിക്ഷേപിച്ചത്. പയ്യന്നൂരിലെ ആക്സിസ് ബാങ്ക് ശാഖയിൽനിന്ന് നിലമ്പൂർ ശാഖയിലെ ചാണ്ടി കുര്യ​െൻറ അക്കൗണ്ടിലേക്ക് പണമിടുകയായിരുന്നു. 55 ലക്ഷം പ്രദീപനും ബാക്കി പ്രശാന്തും സുഹൃത്തുമാണ് നിക്ഷേപിച്ചത്. ചാണ്ടി കുര്യനെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരുകയാണ്. ഇയാൾ മിനറൽ വാട്ടർ ബിസിനസ് നടത്തുന്നയാളാണെന്നാണ് പ്രദീപൻ പറഞ്ഞത്. ചാലക്കുടിക്കാരനാണെന്ന് പൊലീസിനോട് പറഞ്ഞിട്ടുണ്ടെങ്കിലും അന്വേഷണസംഘം ഇക്കാര്യം പരിശോധിച്ചുവരുകയാണ്. ചാണ്ടി കുര്യൻ വിദേശത്തേക്ക് കടന്നതായും െപാലീസ് സംശയിക്കുന്നുണ്ട്. മലപ്പുറം, കാസർകോട് ജില്ലകളിലുള്ളവരും തട്ടിപ്പി​െൻറ ഭാഗമായിട്ടുണ്ട്. ഒന്നാം പ്രതി പ്രദീപൻ കഴിഞ്ഞദിവസം കോടതിയിൽ കീഴടങ്ങുകയായിരുന്നു. പ്രശാന്ത് ഒളിവിലാണ്. ഇയാൾ മുൻകൂർജാമ്യത്തിന് ഹൈകോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. വിവിധ ജില്ലകളിൽനിന്നുള്ളവർ ഉൾപ്പെട്ട വൻ തട്ടിപ്പുകേസായതിനാലും മൂന്നേകാൽ കോടിയിലേറെ രൂപയുടെ തിരിമറി നടന്ന തിനാലും കേസ് ക്രൈംബ്രാഞ്ചിന് വിടാൻ ആലോചിക്കുന്നുണ്ട്. സംഭവം സംബന്ധിച്ച വിശദമായ റിപ്പോർട്ട് കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന പയ്യന്നൂർ സി.ഐ എം.പി. ആസാദ് കണ്ണൂർ ജില്ല പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. സംസ്ഥാനതല അന്വേഷണം ആവശ്യമായിവരുകയാണെങ്കിൽ റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറും. അല്ലെങ്കിൽ, കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്ക് അന്വേഷണത്തിന് നിർദേശം നൽകും. അതേസമയം, തട്ടിപ്പി​െൻറ ബുദ്ധികേന്ദ്രം പ്രശാന്താണെന്നാണ് പൊലീസ് നിഗമനം. പ്രശാന്തും കുടുംബാംഗങ്ങളും ജോലിക്കാരുമുൾപ്പെടെയുള്ളവരുടെ പേരിൽ രണ്ടു കോടിയിലധികം രൂപയാണ് മുക്കുപണ്ടംവെച്ച് വായ്പയെടുത്തത്. നാലു കോടി രൂപയുടെ ആസ്തിയുള്ള സൊസൈറ്റിയിൽനിന്ന് മൂന്നര കോടിയും അടിച്ചുമാറ്റിയെന്ന അപൂർവ സംഭവമാണ് പുറത്തുവരുന്നത്. 16 ആളുകളുടെ പേരിൽ 93 പണയമാണ് പൊലീസ് കണ്ടെത്തിയത്. 13.5 കിലോ മുക്കുപണ്ടം പണയപ്പെടുത്തി മൂന്നു കോടി എട്ടു ലക്ഷമാണ് പ്രതികൾ തട്ടിയത്. സൊസൈറ്റിയിൽ മറ്റ് ഇടപാടുകാർ പണയംവെച്ച 116 ഗ്രാം ശുദ്ധസ്വർണമെടുത്ത സെക്രട്ടറി അത് കണ്ണൂർ ജില്ല സഹകരണ ബാങ്ക് കരിവെള്ളൂർ ശാഖയിൽ വെച്ച് രണ്ടു ലക്ഷമെടുത്തതായും പൊലീസ് കണ്ടെത്തി. 2016ൽ സംസ്ഥാനത്ത് നടന്ന മുക്കുപണ്ട പണയതട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണസ്ഥാപനങ്ങളിലെ പരിശോധന ഇവിടെയും നടന്നിരുന്നു. അപ്പോൾ തട്ടിപ്പ് തെളിഞ്ഞിരുന്നുവെങ്കിലും പ്രതികൾ അഞ്ചു ലക്ഷം അപ്രൈസർക്ക് നൽകി സംഭവം ഒതുക്കിയതായാണ് വിവരം. ഈ അപ്രൈസറെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രദീപ​െൻറ പൊലീസ് കസ്റ്റഡി ഇന്നാണ് അവസാനിക്കുന്നതെങ്കിലും ചൊവ്വാഴ്ചതന്നെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.