കണ്ണൂർ: കൈത്തറി വസ്ത്രങ്ങളോട് കണ്ണൂരിനുള്ള പ്രിയം വ്യക്തമാക്കി കലക്ടറേറ്റ് മൈതാനിയിലെ കൈത്തറി േമളയിൽ തിരക്കേറുന്നു. ഒരാഴ്ചകൊണ്ട് ഒരു കോടി 46 ലക്ഷത്തിെൻറ വിൽപനയാണ് മേളയിൽ നടന്നത്. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഹാൻഡ് പ്രിേൻറാടു കൂടിയ കോട്ടൺ ഷർട്ടുകളാണ് ഇത്തവണത്തെ മേളയുടെ ആകർഷണങ്ങളിലൊന്ന്. വിവിധ മോഡലുകളിലും വലുപ്പത്തിലുമുള്ള ബാഗുകളും വിൽപനക്കുണ്ട്. പരമ്പരാഗതമായി വിൽപനക്കുള്ള സെറ്റ് സാരി, മുണ്ട് എന്നിവയേക്കാൾ വിവിധ നിറങ്ങളിൽ വ്യത്യസ്തങ്ങളായ ഡിസൈനുകളോടെ എത്തുന്ന സാരികൾക്കാണ് പ്രിയം കൂടുതലെന്ന് വ്യാപാരികൾ പറയുന്നു. മൂല്യം നന്നായി അറിയുന്നതിനാൽ വർഷങ്ങളായി സ്ഥിരമായി ഉൽപന്നങ്ങൾ വാങ്ങാനെത്തുന്നവർ നിരവധിയാണ്. റെഡിമെയ്ഡ് ഷർട്ടുകൾ, ചുരിദാറുകൾ, കുഞ്ഞുടുപ്പുകൾ എന്നിവക്കൊപ്പം ബെഡ്ഷീറ്റുകൾ, ഷർട്ട് തുണിത്തരങ്ങൾ എന്നിവക്കും ആവശ്യക്കാരുണ്ട്. ഉപഭോക്താക്കളുടെ മനസ്സ് നന്നായി അറിയാവുന്ന കൈത്തറി സംഘങ്ങൾ വിപണി സാധ്യത മനസ്സിലാക്കി ബ്രാൻഡഡ് ഉൽപന്നങ്ങളോട് കിടപിടിക്കുന്ന രീതിയിലാണ് വസ്ത്രങ്ങൾ വിൽപനക്കെത്തിച്ചിട്ടുള്ളത്. സംസ്ഥാനത്തെ ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ കുട്ടികൾക്ക് കൈത്തറി യൂനിഫോം സമയബന്ധിതമായി എത്തിക്കാൻ കഴിഞ്ഞെന്ന അഭിമാന നേട്ടവുമായാണ് ഇത്തവണ കൈത്തറി സംഘങ്ങൾ മേളക്കെത്തിയത്. കഴിഞ്ഞ വിഷുവിന് 3.6 കോടി രൂപയുടെ വിൽപനയാണ് നടന്നത്. ഇത്തവണ എട്ടുകോടിയുടെ വിൽപനയാണ് പ്രതീക്ഷ. 82 സ്റ്റാളുകളിലായി ജില്ലയിലെ 33 സംഘങ്ങളും മറ്റു ജില്ലകളിൽ നിന്നുള്ള 20 സംഘങ്ങളും ഹാൻടെക്സ്, ഹാൻവീവ് എന്നിവയുമാണ് മേളയിലുള്ളത്. ഉത്രാടം നാളുവരെ മേള തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.