കുഴൽപണ ഏജൻറിനെ തട്ടിക്കൊണ്ടുപോയി​ നാലു ലക്ഷം കവർന്നു

ഉരുവച്ചാൽ: കുഴൽപണവുമായി പോവുകയായിരുന്നയാളെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി മർദിച്ച് പണം കവർന്നശേഷം റോഡരികിൽ ഉപേക്ഷിച്ചു. മട്ടന്നൂർ‌-തലശ്ശേരി റൂട്ടിൽ ഉരുവച്ചാലായിരുന്നു സംഭവം. സംഘത്തിൽനിന്ന് രക്ഷപ്പെട്ട കൊടുവള്ളി സ്വദേശിയായ 63കാരൻ മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ അഭയംതേടി. ഉരുവച്ചാൽ, മട്ടന്നൂർ പ്രദേശങ്ങളിലുള്ളവർക്ക് വിതരണംചെയ്യാൻ കോഴിക്കോട്ടുനിന്ന് നാലു ലക്ഷത്തോളം രൂപയുമായി ഉരുവച്ചാലിൽ എത്തിയതായിരുന്നു ഇയാൾ. ഒരാൾക്ക്‌ പണം നൽകി ഉരുവച്ചാൽ ടൗണിൽ ബസ് കാത്തുനിൽക്കുന്നതിനിടെ മുന്നിലെത്തിയ കാറിൽ ഇയാളെ ബലമായി പിടിച്ചുകയറ്റുകയും കാർ ശിവപുരം ഭാഗത്തേക്ക് അമിതവേഗത്തിൽ പോകുകയായിരുന്നുവെന്നും പറയുന്നു. കാറിൽ നാലുപേർ ഉണ്ടായിരുന്നതായും പണം തട്ടിയെടുത്തശേഷം തന്നെ മർദിച്ച് മാലൂർ തൃക്കടാരിപ്പൊയിലിൽ ഇറക്കിവിട്ടതായും ഇയാൾ പൊലീസിനോട് പറഞ്ഞു. മട്ടന്നൂർ പൊലീസ് അന്വേഷണം നടത്തുകയും ഉരുവച്ചാൽ ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലെ സി.സി.ടി.വി കാമറകൾ പരിശോധിക്കുകയും ചെയ്തു. കുഴൽപണവുമായെത്തുന്നവരെ തട്ടിക്കൊണ്ടുപോയി പണംകവരുന്ന സംഘം മട്ടന്നൂർ മേഖലയിൽ സജീവമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.