വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുക്കൽ: ശൈലജ ചോദ്യംചെയ്യലിനോട്​ സഹകരിച്ചില്ല

പയ്യന്നൂർ: വ്യാജ വിവാഹസർട്ടിഫിക്കറ്റും പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റുമുണ്ടാക്കി റിട്ട. സഹകരണവകുപ്പ് ഉദ്യോഗസ്ഥൻ തളിപ്പറമ്പിലെ ബാലകൃഷ്ണ​െൻറ കോടികളുടെ സ്വത്തു തട്ടിയെടുത്ത കേസിലെ പ്രതികളായ അഡ്വ. ശൈലജയും ഭർത്താവ് കൃഷ്ണകുമാറും പൊലീസി​െൻറ ചോദ്യംചെയ്യലിനോട് സഹകരിച്ചില്ല. ചോദ്യം ചെയ്യലിലുടനീളം ഇവർ നിസ്സഹകരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അതുകൊണ്ട് കൂടുതൽ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പയ്യന്നൂർ സി.ഐ എം.പി. ആസാദ് തിങ്കളാഴ്ച കോടതിയിൽ ഹരജി നൽകും. മരിച്ച ബാലകൃഷ്ണൻ 1980ൽ വിഠോബാ ക്ഷേത്രത്തിൽവെച്ച് ജാനകിയെ വിവാഹം ചെയ്തുവെന്ന വാദത്തിൽ ശൈലജ ഉറച്ചുനിന്നു. എന്നാൽ, വിവാഹം ചെയ്തതായി പറയുന്ന ശൈലജയുടെ സഹോദരി ജാനകിയെ കൊണ്ടുവന്ന് ശൈലജയുടെ മുന്നിൽവെച്ച് പൊലീസ് ചോദ്യംചെയ്തു. ജാനകി വിവാഹം നിഷേധിച്ചപ്പോൾ മൗനം പാലിക്കുക മാത്രമാണ് ശൈലജ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയില്ലെന്നു മാത്രമല്ല, നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. നാലുകോടി രൂപയോളം പ്രതികൾ കൈക്കലാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. ഇതിൽ ബാലകൃഷ്ണ​െൻറ പെൻഷൻ മാത്രം 13.5 ലക്ഷം വരും. ബാലകൃഷ്ണൻ മരിച്ച് 33 ദിവസത്തിനകം സ്വത്തുക്കൾ കൈക്കലാക്കിയതായും മൂന്നുദിവസത്തിനകം ബാങ്ക് ബാലൻസ് പിൻവലിച്ചതായും പൊലീസ് പറയുന്നു. ബാലകൃഷ്ണ​െൻറ മരണത്തെക്കുറിച്ച് കൊടുങ്ങല്ലൂർ പൊലീസ് പുനരന്വേഷണം നടത്തുന്ന കാര്യവും റിപ്പോർട്ടിലുണ്ട്. 1983ന് മുമ്പ് ക്ഷേത്രത്തിൽ വിവാഹരജിസ്റ്റർ സൂക്ഷിച്ചിട്ടില്ല. പെൻഷൻ ആവശ്യത്തിനെന്നു പറഞ്ഞപ്പോൾ ഇത് വിശ്വസിച്ച ക്ഷേത്ര അധികൃതർ ഒറിജിനൽ സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് വില്ലേജ് ഓഫിസിൽനിന്ന് പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് കൈക്കലാക്കിയത്. ഇതു കാണിച്ചാണ് പരിയാരത്തെ ആറ് ഏക്കർ സ്ഥലം ജാനകിയുടെ പേരിൽ കൈക്കലാക്കിയതും സഹോദരി ശൈലജക്ക് കൈമാറിയതും. 2010 ഒക്ടോബർ മുതൽ ബാലകൃഷ്ണ​െൻറ സർവിസ് പെൻഷനും ജാനകിയുടെ പേരിൽ കൈപ്പറ്റുന്നുണ്ട്. ഇതിനുപുറമെ പയ്യന്നൂർ മുനിസിപ്പാലിറ്റിയിൽനിന്ന് വിധവ പെൻഷൻ വാങ്ങുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ചു ചോദിച്ചപ്പോഴും ഒന്നും പറഞ്ഞില്ല. ക്ഷേത്രത്തിൽനിന്ന് നൽകിയ വിവാഹസർട്ടിഫിക്കറ്റ് ഒറിജിനലാണെങ്കിലും വിവാഹം കഴിച്ചത് വിശ്വസിപ്പിക്കാൻ തയാറാക്കിയ ക്ഷണക്കത്ത് തട്ടിപ്പി​െൻറ നിർണായകതെളിവായി. 1980ൽ നടന്ന വിവാഹത്തി​െൻറ കത്ത് ഡി.ടി.പിയിലാണ് തയാറാക്കിയിരിക്കുന്നത്. ഈ കാലത്ത് ഡി.ടി.പി പ്രിൻറിങ് വന്നിട്ടില്ല. മാത്രമല്ല, കത്തിൽ പരേതനായ ഡോ. കുഞ്ഞമ്പുവി​െൻറ മകൻ എന്നാണ് പറഞ്ഞിട്ടുള്ളത്. ഡോക്ടർ മരിച്ചത് ഇതിനും 12 വർഷത്തിനുശേഷമാണ്. ജാനകി നേരേത്ത രണ്ടു വിവാഹം കഴിച്ചതായും പൊലീസ് കണ്ടെത്തി. ആദ്യം കൈതപ്രത്തെ ഗോവിന്ദ പൊതുവാളിനെയാണ് വിവാഹം കഴിച്ചത്. കൈതപ്രത്തെത്തിയ പൊലീസ് ഇത് സ്ഥിരീകരിച്ചു. ഈ ബന്ധം രണ്ടുമാസം മാത്രമാണ് നിലനിന്നത്. ഇതിനുശേഷമാണ് കാർക്കളയിലെ ശ്രീധരൻ നായരെ വിവാഹംചെയ്തത്. ശ്രീധരൻ നായർ മരിക്കുന്നതുവരെ അവിടെയാണ് താമസിച്ചിരുന്നത്. ശ്രീധരൻ നായരുടെ മരണസർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് വിധവ പെൻഷൻ വാങ്ങുന്നത്. 1980 ജൂലൈ 10ന് ശ്രീധരൻ നായർ ജാനകിയെ പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽവെച്ച് വിവാഹം കഴിച്ച സർട്ടിഫിക്കറ്റ് പൊലീസ് വാങ്ങിയിട്ടുണ്ട്. ഗോവിന്ദ പൊതുവാൾ നാലുവർഷം മുമ്പ് നാട്ടിൽ വന്നതായും ഇപ്പോൾ കർണാടകയിൽ എവിടെയോ ഉള്ളതായും ബന്ധുക്കൾ പൊലീസിനു മൊഴി നൽകിയിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ പൊലീസ് കർണാടകയിലേക്ക് പോയെങ്കിലും കണ്ടെത്താനായില്ല. ജാനകി ബാലകൃഷ്ണനെ വിവാഹം കഴിച്ച് പയ്യന്നൂർ തായിനേരിയിൽ താമസിച്ചതായുള്ള വാദവും പൊളിഞ്ഞു. ഇവിടെ അന്വേഷിച്ചപ്പോൾ താമസിച്ചിട്ടില്ലെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. രണ്ട് സാക്ഷികളെ പരിചയപ്പെടുത്തിയിരുന്നുവെങ്കിലും തങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ഇവർ പറയുന്നു. ബാലകൃഷ്ണനും ജാനകിയും തമ്മിലുള്ള വിവാഹഫോട്ടോ കൃത്രിമമായുണ്ടാക്കിയതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ പടം തയാറാക്കിയ സ്റ്റുഡിയോയെക്കുറിച്ചും കത്ത് തയാറാക്കിയ ഡി.ടി.പി സ​െൻററിനെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തും. പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് പരിയാരത്തെ ആറ് ഏക്കർ സ്ഥലം കൈക്കലാക്കിയതും തിരുവനന്തപുരം കനറാ ബാങ്കിൽനിന്ന് ബാലകൃഷ്ണ​െൻറ അക്കൗണ്ടിൽനിന്നുള്ള പണം പിൻവലിച്ചതും തിരുവനന്തപുരത്തെ സ്വത്തുവിൽപന നടത്തിയതും. അതേസമയം, ഒളിവുകാലത്ത് തീർഥാടനത്തിലായിരുന്നുവെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. എറണാകുളത്തുനിന്ന് നേരെ ബംഗളൂരുവിലേക്കും ഇവിടെനിന്ന് തിരുപ്പതിയിലേക്കും പോയി. തുടർന്ന് പഴനി, ഉഡുപ്പി ക്ഷേത്രങ്ങളിലും ദർശനം നടത്തിയത്രെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.