മാവേലി സ്​റ്റോറുകളിൽ സബ്​സിഡി അരിക്ക്​​ 'റേഷൻ'

സ്വന്തം ലേഖകൻ കോഴിക്കോട്: പൊതുവിപണിയിൽ വില കുതിച്ചുയരുേമ്പാഴും സബ്സിഡി നിരക്കിലുള്ള അരി മാവേലി സ്റ്റോറുകളിലും സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും ആവശ്യത്തിന് കിട്ടുന്നില്ലെന്ന് പരാതി. ഒരു േറഷൻ കാർഡിന് അഞ്ചു കിലോ എന്ന അളവിലാണ് മാവേലി സ്റ്റോറുകളിൽ വിലകുറഞ്ഞ അരി വിൽക്കുന്നത്. പൊതുവിപണിയിൽ 45 രൂപയിലേറെ വിലയുള്ള അരിക്ക് 25 രൂപ മാത്രമാണ് ഇൗടാക്കുന്നത്. എന്നാൽ, ഒരു കുടുംബത്തിന് അഞ്ചു ദിവസത്തേക്ക് പോലും അഞ്ചു കിലോ അരി തികയില്ല. ജയ, കുറുവ എന്നീ ഇനം അരിയാണ് 25 രൂപ നിരക്കിൽ വിൽക്കുന്നത്. കാർഡൊന്നിന് 10 കിലോ സബ്സിഡി അരി വീതം നൽകിയാൽ ഏറെ ആശ്വാസമാകും. വിലക്കുറവും ഗുണനിലവാരവുമുള്ള അരിക്ക് ആവശ്യക്കാരേറെയാണ്. എന്നാൽ 'റേഷൻ' അളവിൽ വിൽക്കുന്ന അരി കാർഡുടമകൾക്ക് കൃത്യമായി ലഭിക്കുന്നില്ല. സബ്സിഡി അരി മാസത്തിൽ കുറഞ്ഞ ദിവസങ്ങളിൽ മാത്രമേ വിതരണം ചെയ്യുന്നുള്ളൂ. കാർഡുടമക്ക് ഭാഗ്യമുണ്ടെങ്കിൽ കിട്ടുമെന്ന അവസ്ഥയാണ്. റേഷൻ കടകൾ വഴി മാസം നിശ്ചിത അളവിൽ അരി വിതരണം ചെയ്യുന്നുണ്ട്. ഏത് ദിവസം പോയാലും റേഷൻ കടയിൽനിന്ന് അനുവദിക്കപ്പെട്ട സാധനങ്ങൾ നൽകാറുമുണ്ട്. സപ്ലൈകോയും ഇതേ രീതി തുടരണെമന്നാണ് കാർഡുടമകളുടെ ആവശ്യം. 35 രൂപ വിലയുള്ള സബ്സിഡിയില്ലാത്ത അരി ഏതു സമയത്തും ലഭ്യവുമാണ്. ഇേത അരി തന്നെയാണ് സബ്സിഡി നിരക്കിലും വിൽക്കുന്നത്. വിലക്കയറ്റം പിടിച്ചു നിർത്തണെമങ്കിലും സബ്സിഡി ഭാരം പേറാൻ സപ്ലൈകോ തയാറാവുന്നില്ലെന്നും ആക്ഷേപമുണ്ട്. വിലയെത്ര കൂടിയാലും സിവിൽ സപ്ലൈസ് കോർപറേഷൻ വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങളുടെ വില അഞ്ചു വർഷത്തേക്ക് കൂട്ടില്ലെന്നാണ് സർക്കാർ നയം. എന്നാൽ, മതിയായ അളവിൽ സാധനങ്ങൾ വിതരണം ചെയ്തില്ലെങ്കിൽ പൊതുവിപണിയിൽ ഇനിയും വില കൂടാനാണ് സാധ്യത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.