ട്രീസയുടെ ബാഡ്മിൻറണ്‍ പരിശീലനം ഇനി ഇന്തോനേഷ്യയിൽ

ചെറുപുഴ: സീനിയര്‍താരങ്ങളെ തോല്‍പിച്ച് സംസ്ഥാന സീനിയര്‍ ഇൻറർ ഡിസ്ട്രിക്ട് ബാഡ്മിൻറണില്‍ കിരീടംചൂടിയ ഒമ്പതാം ക്ലാസുകാരി ട്രീസ ജോളിയുടെ പരിശീലനം ഇനി ഇന്തോനേഷ്യയിൽ. കഴിഞ്ഞ രണ്ടു വര്‍ഷത്തെ മികച്ചപ്രകടനം കണക്കിലെടുത്താണ് സംസ്ഥാന ഷട്ടില്‍ ബാഡ്മിൻറണ്‍ അസോസിയേഷന്‍ ഒരു മാസത്തെ വിദഗ്ധ പരിശീലനത്തിനായി ട്രീസയെ ഇന്തോനേഷ്യയിലേക്ക് അയച്ചിരിക്കുന്നത്. ബാഡ്മിൻറണിലെ മുന്‍ ഒളിമ്പിക് ചാമ്പ്യന്‍ ടഫു ഹിതായത്തി​െൻറ ജകാര്‍ത്തയിലെ അക്കാദമിയിലാണ് പരിശീലനം. പുളിങ്ങോത്തെ തൈക്കല്‍ ജോളിയുടേയും ഡെയ്‌സിയുടേയും ഇളയമകളായ ട്രീസ കഴിഞ്ഞദിവസം ഇന്തോനേഷ്യയിലേക്ക് വിമാനം കയറി. ഇത്തവണ ആലപ്പുഴയില്‍ നടന്ന 52ാമത് സംസ്ഥാന സീനിയര്‍ ഇൻറർ ഡിസ്ട്രിക്ട് ബാഡ്മിൻറണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മുതിര്‍ന്നതാരങ്ങളെ വീഴ്ത്തിയാണ് ട്രീസ ജേതാവായത്. ഈ വര്‍ഷം എറണാകുളം, തിരുവനന്തപുരം, പാലക്കാട് എന്നീ ജില്ലകളില്‍ നടന്ന സംസ്ഥാന ഓപണ്‍ സീനിയര്‍ റാങ്കിങ്ങിലും ചാമ്പ്യനായിരുന്നു. സ്വകാര്യ സ്‌കൂളില്‍ കായികാധ്യാപകനായിരുന്ന പിതാവ് ജോളിയുടെ കീഴില്‍ സഹോദരി മരിയക്കൊപ്പമാണ് ട്രീസ ബാഡ്മിൻറൺ കളിച്ചുതുടങ്ങിയത്. മക്കളുടെ മികവ് തിരിച്ചറിഞ്ഞ പിതാവ് പരിശീലനത്തിനായി വീടിനോടുചേര്‍ന്ന് സ്വന്തമായി ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിച്ചാണ് പ്രോത്സാഹനമേകിയത്. ചെറുപുഴ സ​െൻറ് ജോസഫ്സ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍, പാലാവയല്‍ സ​െൻറ് ജോണ്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ പഠനകാലത്ത് ഇൻറർ ഡിസ്ട്രിക്ട് മത്സരങ്ങളിലൂടെ ട്രീസ ശ്രദ്ധേയയായി. ആഗസ്റ്റ് 27 മുതല്‍ 31വരെ ആന്ധ്രയില്‍ നടക്കുന്ന സൗത്ത് സോണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ വിഭാഗത്തില്‍ കേരളത്തിനുവേണ്ടി മത്സരിക്കുന്നതും ട്രീസയാണ്. പരിശീലനത്തി​െൻറ സൗകര്യത്തിനായി ഇപ്പോള്‍ കല്യാശ്ശേരി ഹയര്‍സെക്കൻഡറിയിലാണ് ട്രീസയുടെ പഠനം. കണ്ണൂര്‍ യൂനിവേഴ്‌സിറ്റി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ യൂനിവേഴ്‌സിറ്റി പ്രഫസറും കോച്ചുമായ ഡോ. അനില്‍ രാമചന്ദ്ര​െൻറ കീഴിലാണ് പരിശീലനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.