'എല്ലാവരും തുണിസഞ്ചിയുമായി'; രണ്ടു ലക്ഷം തുണിസഞ്ചി വിതരണംചെയ്യുന്നു

കണ്ണൂർ: കണ്ണൂര്‍ നിയമസഭ മണ്ഡല വികസനപരിപാടിയുടെ ഭാഗമായി കുടുംബശ്രീയുമായി സഹകരിച്ച് മണ്ഡലത്തിലെ 45,000 വീടുകളിൽ തുണിസഞ്ചികള്‍ തയാറാക്കി വിതരണം ചെയ്യും. പ്ലാസ്റ്റിക് മാലിന്യത്തിനെതിരെയുള്ള ബഹുജന കാമ്പയിനെ പുതിയതലത്തിലേക്ക് ഉയര്‍ത്തുന്നതിനും പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കി മണ്ണിനെയും ജലാശയങ്ങളെയും സംരക്ഷിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. വ്യക്തിശുചിത്വം, കുടുംബശുചിത്വം, സമൂഹശുചിത്വം എന്നിവയിലേക്ക് സമൂഹത്തെ നയിച്ച് ജനങ്ങളിൽ പുതിയ ശുചിത്വസംസ്‌കാരം വളര്‍ത്തിയെടുക്കാനും 'എല്ലാവരും തുണിസഞ്ചിയുമായി' എന്ന പദ്ധതിവഴി ലക്ഷ്യമിടുന്നു. സഞ്ചിക്കുവേണ്ട തുണി മണ്ഡലത്തിലെ വീടുകളില്‍നിന്നുതന്നെ ശേഖരിക്കും. സഞ്ചി നിർമിക്കാൻ പറ്റുന്ന അലക്കി വൃത്തിയാക്കിയ സാരികൾ, നേരിയ ബെഡ്ഷീറ്റുകൾ, മറ്റു തുണികള്‍ എന്നിവ ആഗസ്റ്റ് ആറിന് ആദ്യഘട്ടമെന്നനിലയില്‍ മുണ്ടേരി പഞ്ചായത്തിലെ വീടുകളില്‍നിന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ ശേഖരിക്കും. മണ്ഡലത്തിലെ കോര്‍പറേഷന്‍ സോണുകളില്‍നിന്ന് പിന്നീട് ശേഖരിക്കും. പ്രാദേശിക തയ്യല്‍ യൂനിറ്റുകളും കുടുംബശ്രീ തയ്യല്‍ യൂനിറ്റുകളും ചേര്‍ന്നാണ് തുണിസഞ്ചിയാക്കി മാറ്റുന്നത്. തയാറാക്കിയ തുണിസഞ്ചികള്‍ അതത് വീടുകളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ എത്തിക്കും. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് മണ്ഡലത്തിലെ മുഴുവന്‍ വീടുകളിലും തുണിസഞ്ചി എത്തിയതി​െൻറ പ്രഖ്യാപനം നടത്തും. വീടുകളില്‍നിന്ന് തുണിസഞ്ചി ശേഖരിക്കുന്നതി​െൻറ ഉദ്ഘാടനം ആറിന് രാവിലെ ഒമ്പതിന് കാഞ്ഞിരോട് തെരുവില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കുമെന്ന് കണ്ണൂര്‍ മണ്ഡലം വികസനസമിതി കണ്‍വീനര്‍ എൻ. ചന്ദ്രന്‍, യു. ബാബു ഗോപിനാഥ്, കുടുംബശ്രീ ജില്ല കോഓഡിനേറ്റര്‍ എം. സുര്‍ജിത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.