പ്രതിനിധി വോട്ടിന്​ പ്രവാസി എത്രനാൾ കാത്തിരിക്കണം?

ദുബൈ: വിദേശ ഇന്ത്യക്കാർക്ക് വോട്ടവകാശം ലഭിച്ചാൽ ഏതു രീതിയിലായിരിക്കും വോട്ടുചെയ്യാൻ കഴിയുകയെന്നത് സംബന്ധിച്ച ഉദ്വേഗത്തിന് മറുപടിയായി. നാട്ടിൽ പോകാതെതന്നെ പകരക്കാരനെ ഉപയോഗിച്ച് വോട്ടുചെയ്യാൻ സാധിക്കുന്ന പ്രോക്സി അഥവാ പ്രതിനിധി വോട്ടിനാണ് കേന്ദ്ര സർക്കാർ പച്ചക്കൊടി കാട്ടിയത്. എന്നാൽ, ചില കോണുകളിൽനിന്ന് പ്രതിനിധി വോട്ടിനെതിരെ ശബ്ദമുയരുകയാണ്. സൈനികർക്ക് നൽകുന്ന പ്രതിനിധി വോട്ട് സൗകര്യം അനുസരിച്ച് ത​െൻറ വോട്ട് രേഖപ്പെടുത്താൻ സ്വന്തം മണ്ഡലത്തിലെ ഒരാളെ പകരക്കാരനായി ചുമതലപ്പെടുത്താം. പകരക്കാരൻ ആ മണ്ഡലത്തിലെ സ്ഥിരതാമസക്കാരനായിരിക്കണം. എന്നാൽ, വോട്ടർപട്ടികയിൽ പേരുണ്ടാകണമെന്നില്ല. പ്രതിനിധി വോട്ട് വേണ്ടയാൾ നിശ്ചിത ഫോറം പൂരിപ്പിച്ച് ഒപ്പിട്ട് നാട്ടിലെ പകരക്കാരന് അയച്ചുകൊടുക്കണം. ഇത് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനെകൊണ്ടോ നോട്ടറിയെക്കൊണ്ടോ സാക്ഷ്യപ്പെടുത്തി വരണാധികാരിക്ക് നൽകും. അപേക്ഷ അംഗീകരിച്ചാൽ പ്രോക്സി വോട്ടർക്ക് വോട്ടുചെയ്യാം. പ്രവാസികൾക്ക് പ്രതിനിധി വോട്ട് കുറ്റമറ്റ രീതിയിൽ നടപ്പാക്കുക എളുപ്പമല്ല. സൈനികർ കേന്ദ്രസർക്കാറിന് കീഴിലുള്ള ജീവനക്കാരായതിനാൽ അവരെ എളുപ്പം തിരിച്ചറിയാം. എന്നാൽ, പ്രവാസികൾക്ക് തിരിച്ചറിയൽ കാർഡോ, അവരുടെ കൃത്യമായ എണ്ണമോതന്നെ സർക്കാറി​െൻറ പക്കലില്ല. അതുകൊണ്ടുതന്നെ ദുരുപയോഗം െചയ്യാനും കൃത്രിമം നടത്താനുമുള്ള സാധ്യതയുണ്ട്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രോക്സി വോട്ടിനെതിരെ ആദ്യ വെടിപൊട്ടിച്ചുകഴിഞ്ഞു. പ്രവാസികളെ തൊഴിൽ സുരക്ഷയുടെയും മറ്റും പേരിൽ തൊഴിലുടമകൾക്കും മാനേജർമാർക്കും സ്വാധീനിക്കാനും പ്രലോഭിപ്പിക്കാനും ഭീഷണിപ്പെടുത്താനും സാധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. തപാൽ വോട്ടിന് സംവിധാനം ഏർപ്പെടുത്തണമെന്നാണ് സി.പി.എമ്മി​െൻറ അഭിപ്രായം. ഏതായാലും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലെങ്കിലും വോട്ടവകാശം വിനിയോഗിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് രണ്ടുകോടിയോളം പ്രവാസി ഇന്ത്യക്കാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.