വിനായകി​െൻറ മരണം: ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ സി.ബി.​െഎ അന്വേഷണം ശിപാർശ ചെയ്യും –ദേശീയ പട്ടികജാതി കമീഷൻ

തൃശൂർ: പൊലീസ് കസ്റ്റഡിയിൽനിന്ന് വിട്ട ശേഷം വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഏങ്ങണ്ടിയൂർ സ്വദേശി വിനായകി​െൻറ കുടുംബത്തിനുള്ള ധനസഹായം ഉടന്‍ നല്‍കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ സി ബി.ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്യുമെന്ന് ദേശീയ പട്ടികജാതി കമീഷന്‍ വൈസ് ചെയര്‍മാന്‍ എല്‍. മുരുകന്‍. ധനസഹായ തുകയായ 4.12 ലക്ഷം രൂപ മൂന്ന് ദിവസത്തിനകം നല്‍കണമെന്ന് ജില്ല പട്ടികജാതി വികസന ഓഫിസര്‍ക്ക് വൈസ് ചെയര്‍മാന്‍ നിര്‍ദേശം നല്‍കി. വിനായകി​െൻറ മരണം സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിനോടും ആവശ്യപ്പെട്ടു. പട്ടികജാതി ക്ഷേമ പ്രവര്‍ത്തനങ്ങളുടെ വിശദാംശവും തൃശൂർ രാമനിലയം െസെ്റ്റ്ഹൗസില്‍ നടത്തിയ യോഗത്തില്‍ കമീഷന്‍ ആരാഞ്ഞു. വിനായകി​െൻറ രക്ഷിതാക്കള്‍ക്ക് പെന്‍ഷന്‍ അനുവദിക്കാൻ നടപടി ആരംഭിക്കാന്‍ കമീഷന്‍ നിര്‍ദേശം നല്‍കി. ദലിത്, പട്ടിക വിഭാഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വകുപ്പ് മുഖേന വിദ്യാഭ്യാസം, സാമൂഹികോന്നമനം, സാമ്പത്തികം, നിയമം തുടങ്ങിയവയില്‍ പിന്തുണ നല്‍കുന്നുണ്ടെന്ന് ജില്ല പട്ടികജാതി വികസന ഓഫിസര്‍ കമീഷനെ ധരിപ്പിച്ചു. വിനായകിനെ പൊലീസ് സ്റ്റേഷനില്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ട് സിവില്‍ പൊലീസ് ഓഫിസര്‍മാരെ സസ്പെൻഡ് ചെയ്തെന്നും വകുപ്പുതല അന്വേഷണം നടക്കുകയാണെന്നും ക്രൈംബ്രാഞ്ചി​െൻറ അന്വേഷണം പുരോഗമിക്കുകയാണെന്നും സിറ്റി പൊലീസ് കമീഷണര്‍ ടി. നാരായണന്‍ അറിയിച്ചു. ദലിത്, പട്ടികജാതി വിഭാഗ ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കലക്ടര്‍ ഡോ.എ. കൗശിഗന്‍ വിശദീകരിച്ചു. കമീഷന്‍ ദക്ഷിണമേഖല ഡയറക്ടര്‍ മതിയഴകന്‍, ആര്‍.ഡി.ഒ കെ. അജീഷ്, ഗുരുവായൂര്‍ എ.സി.പി പി.എ. ശിവദാസന്‍, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വര്‍ഗീസ്, ക്രൈംബ്രാഞ്ച് എ.സി.പി എം.കെ. ഗോപാലകൃഷ്ണന്‍, ജില്ല പട്ടികജാതി വികസന ഓഫിസര്‍ അബ്ദുൽ സത്താര്‍ എന്നിവര്‍ പങ്കെടുത്തു. വിനായകി​െൻറ വീട് സന്ദര്‍ശിച്ച കമീഷൻ ബന്ധുക്കളിൽനിന്നും വിവരങ്ങൾ തേടി. മരണത്തെക്കുറിച്ച് കമീഷന്‍ സ്വമേധയാ അന്വേഷണം നടത്തുമെന്നും പട്ടികജാതി–വര്‍ഗക്കാര്‍ക്കെതിരെ പീഡനമോ അധിക്ഷേപമോ ഉണ്ടായാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.