ഓൺലൈൻ ലോട്ടറി: ധനമന്ത്രി കേരളത്തെ കബളിപ്പിക്കുന്നു ^തിരുവഞ്ചൂർ

ഓൺലൈൻ ലോട്ടറി: ധനമന്ത്രി കേരളത്തെ കബളിപ്പിക്കുന്നു -തിരുവഞ്ചൂർ ഇരിട്ടി: ഓൺലൈൻ ലോട്ടറി നിരോധനവുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക് കേരളജനതയെ കബളിപ്പിക്കുകയാണെന്ന് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. ഉളിയിൽ ടൗണിൽ കോൺഗ്രസ് ബൂത്ത് കുടുംബസംഗമവും പി.വി. നാരായണൻ അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതരസംസ്ഥാന ലോട്ടറി മാഫിയകളുമായി സി.പി.എം നേരേത്ത ധാരണയുണ്ടാക്കുകയും പാർട്ടി മുഖപത്രത്തിൽ പരസ്യം നൽകുകയും ചെയ്തശേഷം ഓൺലെൻ ലോട്ടറിക്കെതിരെ ഉറഞ്ഞുതുള്ളുന്നത് ആരെ വിഡ്ഢികളാക്കാനാണെന്ന് തിരുവഞ്ചൂർ ചോദിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലവർധനകൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങൾക്ക് ജി.എസ്.ടിവഴി ഇരട്ടദുരിതമാണ് സർക്കാർ സമ്മാനിച്ചത്. 87 രൂപക്ക് കോഴി കിട്ടുമെന്ന് പ്രഖ്യാപിച്ച തോമസ് ഐസക് കോഴിമാഫിയക്ക് മുന്നിൽ മുട്ടുവിറക്കുന്ന കാഴ്ചയാണ് കണ്ടത്. യു.ഡി.എഫ് ഭരണകാലത്ത് ചികുൻഗുനിയ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ രോഗികൾക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കണമെന്ന് പറഞ്ഞ് നിയമസഭയിലും പുറത്തും ബഹളംകൂട്ടിയവർ സംസ്ഥാനത്ത് പകർച്ചപ്പനിബാധിച്ചുള്ള മരണം ദിനേന റിപ്പോർട്ട് ചെയ്യുമ്പോൾ സ്വാഭാവിക പ്രതിഭാസമെന്ന് പറഞ്ഞ് മൗനം അവലംബിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ എം. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എം.എൽ.എ അനുസ്മരണ പ്രഭാഷണവും പ്രഫ. എ.ഡി. മുസ്തഫ ധനസഹായവിതരണവും നടത്തി. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, കെ.പി. പ്രഭാകരൻ, ചന്ദ്രൻ തില്ലേങ്കരി, പടിയൂർ ദാമോദരൻ, തോമസ് വർഗീസ്, പി.എ. നസീർ, എം. അജേഷ്, വി. മോഹനൻ, സി.സി. നസീർഹാജി, കെ. സുമേഷ്കുമാർ, ജൂബിലി ചാക്കോ, പി.എ. സലാം, റഹീമ ടീച്ചർ, കെ.വി. അലി, വി.വി. ജഗദീശൻ, പി.വി. രാജേഷ്, കെ. രാജു, പി.വി. സജേഷ്, പി.പി. ഹനീഫ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.