കണ്ണൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിെൻറ ഭാഗമായി ജില്ലയിലെ യു.പി സ്കൂളുകളിൽ ഇംഗ്ലീഷ്, ഹിന്ദി പഠനം കൂടുതൽ ഫലപ്രദമാക്കാൻ ലാംഗ്വേജ് ലാബ് ആരംഭിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷിെൻറ അധ്യക്ഷതയിൽ ചേർന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ ജില്ല മിഷൻ യോഗത്തിലാണ് ഈ തീരുമാനം. വിദ്യാർഥികളിൽ ഇംഗ്ലീഷ് ഭാഷ നൈപുണ്യം വികസിപ്പിക്കാൻ യു.പി സ്കൂൾ തലം മുതൽ വിദഗ്ധരുടെ പ്രത്യേക ക്ലാസുകളും പ്രായോഗിക പഠനപ്രവർത്തനങ്ങളുമാണ് ലക്ഷ്യമിടുന്നത്. അനായാസം ഇംഗ്ലീഷ് സംസാരിക്കാനും പാഠഭാഗങ്ങൾ ഹൃദിസ്ഥമാക്കാനും ഇതുവഴി കുട്ടികളെ പ്രാപ്തരാക്കാൻ കഴിയും. ഇതിനായി വിരമിച്ചവരടക്കമുള്ള വിദഗ്ധ ഇംഗ്ലീഷ് അധ്യാപകരെ കണ്ടെത്തി ഉപയോഗപ്പെടുത്തും. ശനിയാഴ്ചകളിൽ ഇവരുടെ ക്ലാസുകൾ വിദ്യാർഥികൾക്ക് ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇംഗ്ലീഷ് തിയറ്റർ, മറ്റ് പഠനപ്രവർത്തനങ്ങൾ എന്നിവവഴി ഭാഷ അനായാസമായി ഉപയോഗിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ജില്ല പഞ്ചായത്തിെൻറ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെയും രക്ഷാകർതൃ സമിതികളുടെയും മേൽനോട്ടത്തിലായിരിക്കും ഇത് നടപ്പിലാക്കുക. പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് പഠനത്തിെൻറ നിലവാരം കൂടുതൽ മെച്ചപ്പെടുത്താൻ അധ്യാപകർക്ക് പ്രത്യേക പരിശീലനമടക്കമുള്ള മറ്റ് ഇടപെടലുകളും ഉണ്ടാകും. ലോവർ ൈപ്രമറി തലത്തിലെ അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ അംഗീകാരം സംബന്ധിച്ച് ജില്ലയിൽ വിദ്യാഭ്യാസവകുപ്പ് പരിശോധന നടത്താനും മിഷൻ യോഗത്തിൽ തീരുമാനമെടുത്തു. ഇത്തരം വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളുടെ കണക്കും ശേഖരിക്കും. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഇത്തരം വിദ്യാലയങ്ങളും വിദ്യാഭ്യാസവകുപ്പിെൻറ അംഗീകാരം നേടിയിരിക്കണമെന്നാണ് വ്യവസ്ഥ. അടുത്ത അധ്യയനവർഷത്തെ പ്രവേശനത്തിനായി ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും വിപുലമായ പ്രവേശന കാമ്പയിൻ നടത്തും. ഓരോ തദ്ദേശസ്ഥാപന പരിധിയിലും പരമാവധി ജനപ്രതിനിധികളെയും സമൂഹത്തിലെ പ്രമുഖ വ്യക്തികളെയും പങ്കെടുപ്പിച്ച് രക്ഷിതാക്കളെ സമീപിക്കാനാണ് തീരുമാനം. വിദ്യാലയങ്ങളുടെ ഭൗതിക, അക്കാദമിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനായി ഓരോ സ്കൂളിനും പ്രത്യേക മാസ്റ്റർ പ്ലാനും വിദ്യാലയ വികസനപദ്ധതിയും തയാറാക്കണമെന്നാണ് സർക്കാറിെൻറ നിർദേശം. തദ്ദേശസ്ഥാപനങ്ങൾ അവരുടെ പദ്ധതികൾ ഇതുമായി സമന്വയിപ്പിക്കണമെന്നും നിർദേശമുണ്ട്. ഇക്കാര്യത്തിൽ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് യോഗം അഭ്യർഥിച്ചു. സ്കൂൾ തുറക്കുന്നതിനുമുമ്പ് അവശ്യം പൂർത്തിയാക്കേണ്ട പ്രാഥമിക സൗകര്യ വികസനത്തിനുള്ള പ്രവർത്തനങ്ങൾക്ക് നടപടികൾ കൈക്കൊള്ളാനും യോഗം തീരുമാനിച്ചു. തലശ്ശേരി നഗരസഭാ ചെയർമാൻ സി.കെ. രമേശൻ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എം. ബാബുരാജ്, ജില്ല വിദ്യാഭ്യാസ ഓഫിസർമാർ, എ.ഇ.ഒമാർ എന്നിവരും യോഗത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.