രാ​മ​ന്ത​ളി മാ​ലി​ന്യ വി​രു​ദ്ധ സ​മ​രം:റോ​ഡ് ഉ​പ​രോ​ധി​ച്ച 70 പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു​നീ​ക്കി

പയ്യന്നൂർ: അനിശ്ചിതകാല സമരം അമ്പതു ദിവസം പിന്നിട്ടിട്ടും രാമന്തളി മാലിന്യ പ്രശ്നത്തിന് പരിഹാരം ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് സമരസമിതി പ്രവർത്തകർ നാവിക അക്കാദമിയിലേക്കുള്ള റോഡ് ഉപരോധിച്ചു. ഉപരോധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി. എഴുപതോളം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഏഴിമല നാവിക അക്കാദമിയിലെ മാലിന്യ പ്ലാൻറിൽനിന്നുള്ള മലിനജലം പ്രദേശവാസികളുടെ കിണറുകളിൽ കലരുന്നുവെന്നാരോപിച്ചാണ് സമരം. ചൊവ്വാഴ്ച രാവിലെ 9.30ഓടെയാണ് പ്രകടനമായെത്തിയ ജനാരോഗ്യ സംരക്ഷണ സമിതി പ്രവർത്തകർ ശങ്കരനാരായണ ക്ഷേത്രത്തിനു മുന്നിൽ നാവിക അക്കാദമി റോഡ് ഉപരോധിച്ചത്. കെ.പി.സി. നാരായണ പൊതുവാൾ ഉദ്ഘാടനം ചെയ്തു. വിവരമറിഞ്ഞ് വൻ പൊലീസ് സംഘം സ്ഥലത്തെത്തി. 11 മണിയോടെ പയ്യന്നൂർ എസ്.ഐ കെ.പി. ഷൈനിെൻറ നേതൃത്വത്തിൽ സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചു. എന്നാൽ, മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണാതെ പിന്മാറില്ലെന്ന നിലപാടിലായിരുന്നു സമരസമിതി നേതാക്കൾ. ഇതോടെ ബലംപ്രയോഗിച്ച് വാഹനത്തിൽ കയറ്റാൻ ശ്രമിച്ചപ്പോൾ സ്ത്രീകളടക്കമുള്ളവർ പൊലീസിനെ തടഞ്ഞത് നേരിയ സംഘർഷത്തിന് ഇടയാക്കി. തുടർന്ന് പയ്യന്നൂർ സി.ഐ ആസാദിെൻറ നേതൃത്വത്തിൽ വനിത പൊലീസടക്കം സ്ഥലത്തെത്തി 70ഓളം സമരസമിതി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പൊലീസ് വാഹനത്തിൽ കയറ്റുകയായിരുന്നു. സ്റ്റേഷനിലെത്തിയ പ്രവർത്തകർ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. വൈകീട്ട് കോടതിയിൽ ഹാജരാക്കിയ പ്രവർത്തകരെ ജ്യാമത്തിൽ വിട്ടയച്ചു. വിവരമറിഞ്ഞ് നിരവധി ആളുകൾ സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.