തെ​രു​വോ​ര ക​ച്ച​വ​ട​ക്കാ​രെ​ത്തി : ന​ഗ​രം വി​ഷു​ത്തി​ര​ക്കി​ൽ

കണ്ണൂർ: തെരുവോര കച്ചവടക്കാരെത്തിയതോടെ കണ്ണൂർ നഗരം ഇനി വിഷുത്തിരക്കിൽ. വിഷുവിന് മുമ്പുള്ള അവധി ദിവസമായതിനാൽ കഴിഞ്ഞ ഞായറാഴ്ച വൻതിരക്കാണ് നഗരത്തിൽ അനുഭവപ്പെട്ടത്. കണ്ണൂർ സ്റ്റേഡിയം കോർണറിലും പരിസരങ്ങളിലുമാണ് തെരുവോര കച്ചവടക്കാർ വ്യാപകമായി തമ്പടിച്ചിട്ടുള്ളത്. കുഞ്ഞുടുപ്പുകളും വസ്ത്രങ്ങളുമായി അന്യസംസ്ഥാനത്തുനിന്നുള്ള കച്ചവടക്കാർ ഷെഡ് സ്ഥാപിച്ച് കച്ചവടം ആരംഭിച്ചത് ഇടത്തരക്കാരുടെ കച്ചവടം പ്രതീക്ഷിച്ചാണ്. നഗരങ്ങളിൽ വലിയ വസ്ത്രാലയങ്ങളിൽ വൻ വിലക്കയറ്റം അനുഭവപ്പെടുേമ്പാൾ ഇടത്തരക്കാർക്ക് ആശ്വാസമായിട്ടുള്ളത് തെരുവോര കച്ചവടക്കാരാണ്. വിഷുവിനുള്ള കോടിയും കുഞ്ഞുടുപ്പുകളുമായി എത്തിയവരാണ് തെരുവോര കച്ചവടക്കാരിൽ ഭൂരിഭാഗവും. ഇതുകൂടാതെ സാരി, ചുരിദാർ തുടങ്ങിയ റെഡിമെയ്ഡ് വസ്ത്രങ്ങളും തെരുവോരവിപണിയിൽ എത്തിയിട്ടുണ്ട്. 55 ഓളം കൈത്തറിസംഘങ്ങള്‍ പങ്കെടുക്കുന്ന കൈത്തറിമേള പൊലീസ് മൈതാനിയിലും തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന എക്‌സിബിഷന്‍ കലക്ടറേറ്റ് മൈതാനിയിലും നടക്കുന്നുണ്ട്. ടൗണ്‍സ്‌ക്വയറിന് സമീപത്തെ കരകൗശല ഉൽപന്ന വിപണനമേളയും കുടുംബശ്രീ ഉൽപന്ന വിപണനമേളയും ഖാദി സൗഭാഗ്യ ഷോറൂമില്‍ നടക്കുന്ന ഖാദിമേളയും സജീവമായി. കൈത്തറി-ഖാദി മേളകളിൽ പതിവുപോലെ ഉൽപന്നങ്ങള്‍ക്ക് റിബേറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെരുവോര കച്ചവടസ്ഥാപനങ്ങളിൽ തിരക്ക് കൂടുതലാണെങ്കിലും നഗരത്തിലെ ഇലക്‌ട്രോണിക് ഷോറൂമുകളിലും വന്‍കിട വസ്ത്രവിപണന സ്ഥാപനങ്ങളിലും തിരക്ക് അനുഭവപ്പെടാൻ തുടങ്ങിയിട്ടുണ്ട്. തെരുവോരങ്ങളിൽ വിഷുക്കണിക്കാവശ്യമായ കണിക്കലങ്ങളും കണിച്ചക്ക, കണിവെള്ളരി, ശ്രീകൃഷ്ണവിഗ്രഹം എന്നിവയുടെ വിൽപനയും ആരംഭിച്ചിട്ടുണ്ട്. വിഷുവിന് തലേന്നാൾ കൊന്നപ്പൂക്കളും വിപണിയിലെത്തും. തളിപ്പറമ്പ്, കണ്ണപുരം ഭാഗങ്ങളിൽനിന്നുള്ള പാരമ്പര്യ തൊഴിലാളികളാണ് കണിക്കലവുമായി നഗരത്തിലെത്തിയിട്ടുള്ളത്. ഖാദി നിർമിത കൃഷ്ണവിഗ്രഹങ്ങളും ഇതര സംസ്ഥാന തൊഴിലാളികൾ ദേശീയപാതക്കരികിൽ തമ്പടിച്ച് നിർമിച്ചെടുത്ത കൃഷ്ണവിഗ്രഹങ്ങളും വിഷുവിപണിയിൽ സജീവമാണ്. ഖാദി ഉൽപന്നങ്ങൾ പൊതുവെ വിലക്കൂടുതലുള്ളതിനാൽ പലരും തെരുവോരത്തെ കൃഷ്ണവിഗ്രഹങ്ങളെയാണ് സ്വന്തമാക്കുന്നത്. കുടുംബശ്രീ ഉൽപന്നങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രത്യേക സ്റ്റാളുകളും സ്റ്റേഡിയം കോർണർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.