സം​സ്​​ഥാ​ന ക്ല​ബ് ഫു​ട്ബാ​ൾ: എ​സ്.​ബി.​​െഎ^ഗോ​കു​ലം എ​ഫ്.​സി ഫൈ​ന​ൽ

തൃക്കരിപ്പൂർ: സംസ്ഥാന ക്ലബ് ഫുട്ബാൾ ഫൈനലിൽ തിങ്കളാഴ്ച എസ്.ബി.ഐ കേരള, ഗോകുലം എഫ്.സി മലപ്പുറത്തെ നേരിടും. ഞായറാഴ്ച നടന്ന സെമിയിൽ കേരള പൊലീസിനെ 7-2നാണ് എസ്.ബി.ഐ പരാജയപ്പെടുത്തിയത്. ആദ്യമിനിറ്റിൽ എസ്.ബി.ഐയുടെ ജൂനിയർ മുഹമ്മദ് അസ്‌ലമിെൻറ തകർപ്പൻ ഷോട്ട് പൊലീസ് ഗോളി മേൽബിനെ അമ്പരപ്പിച്ചാണ് വലയിൽ കയറിയത്. പിന്നീട് ഏകോപനം നഷ്ടപ്പെട്ട പൊലീസിെൻറ ഗോൾമുഖത്തേക്ക് തുടരെ ആക്രമണം അഴിച്ചുവിട്ട എസ്.ബി.ഐ കളി വരുതിയിലാക്കുകയായിരുന്നു. അഞ്ചാം മിനിറ്റിൽ എസ്.ബി.ഐ രണ്ടാമത്തെ ഗോൾ നേടി. വലതുവിങ്ങിൽനിന്ന് ജൂനിയർ അസ്‌ലമും സന്തോഷ് ട്രോഫി താരം ഉസ്മാനും നൽകിയ അളന്നുമുറിച്ച പാസുകൾ സജിത്ത് പൗലോസ് ഗോളിലേക്ക് തൊടുത്തു. പന്ത്രണ്ടാം മിനിറ്റിൽ പെനാൽറ്റി ബോക്സിലേക്ക് ഓടിയെത്തിയ സജിത്ത് പൗലോസ് മനോഹരമായ ഹെഡറിലൂടെ ഗോൾ നേടുകയായിരുന്നു. മൂന്നു ഗോളുകൾ വഴങ്ങിയതോടെ ഒന്നെങ്കിലും മടക്കാനുള്ള പൊലീസിെൻറ തിടുക്കം പ്രകടമായി. അവരുടെ അനീഷും രാഹുലും ചേർന്ന് നടത്തിയ മുന്നേറ്റം ശരത് ലാലിന് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. പൊലീസിെൻറ നീക്കം ചെറുക്കാൻ എസ്.ബി.െഎയുടെ അസ്‌ലമും സജിത്ത് പൗലോസും വിങ്ങുകൾ വെച്ചുമാറിയത് 35ാം മിനിറ്റിൽ ഫലംകണ്ടു. സജിത്ത് പൗലോസ് കൊടുത്ത ക്രോസ് നിലംതൊടീക്കാതെ ആർ. പ്രസൂൺ പൊലീസ് വലയിലേക്ക് തൊടുക്കുകയായിരുന്നു. മൈതാന മധ്യത്തുനിന്ന് ഒറ്റക്ക് കുതിച്ച സന്തോഷ് ട്രോഫി നായകൻ പി. ഉസ്മാൻ അഞ്ചാമത്തെ ഗോൾ നേടി. രണ്ടാം പകുതിയിൽ ഉണർന്നുകളിച്ച പൊലീസിന് പക്ഷേ, ഗോൾ കണ്ടെത്താൻ 80ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. പൊലീസിെൻറ പ്രശാന്ത് കുമാർ നേടിയ ആശ്വാസ ഗോളിനു പിന്നാലെ അനീഷും ഗോൾ സ്‌കോർ ചെയ്തു. അഞ്ചു മിനിറ്റിനകം എസ്.ബി.ഐ ഉസ്മാനിലൂടെ വീണ്ടും ലീഡുയർത്തി. 85ാം മിനിറ്റിൽ വീണ്ടും സ്‌കോർ ചെയ്ത ഉസ്മാൻ ഹാട്രിക് നേടുന്നതു കണ്ടാണ് ലോങ് വിസിൽ മുഴങ്ങിയത്. എസ്.ബി.െഎയുടെ ജിജോ ആണ് സെമിയിലെ മാൻ ഓഫ് ദ മാച്ച്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.