പ്ലാ​സ്​​റ്റി​ക് കാ​രി​ബാ​ഗി​നും ഡി​സ്​​പോ​സബി​ൾ വ​സ്തു​ക്ക​ൾ​ക്കും വി​ട

കണ്ണൂർ: ജില്ലയെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ നവംബർ ഒന്നിന് ആരംഭിച്ച ‘പ്ലാസ്റ്റിക് രഹിത കണ്ണൂർ-നല്ല മണ്ണ് നല്ല നാട്’ ബോധവത്കരണ കാമ്പയിൻ ഇന്ന് അവസാനിക്കും. പ്ലാസ്റ്റിക് കാരിബാഗുകളും ഡിസ്പോസബിൾ സാധനങ്ങളും പൂർണമായി ഒഴിവാക്കി ജനങ്ങളും വ്യാപാരികളും കാമ്പയിനുമായി സഹകരിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ജില്ല കലക്ടർ മിർ മുഹമ്മദലി എന്നിവർ അഭ്യർഥിച്ചു. ഇവ നാളെ മുതൽ ജില്ലയിൽ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താൻ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഇവർ അറിയിച്ചു. ആരോഗ്യ-പരിസ്ഥിതിസംരക്ഷണ രംഗത്ത് പുതിയമാതൃക സൃഷ്ടിച്ചുകൊണ്ടാണ് ജില്ല ഭരണകൂടവും കണ്ണൂർ കോർപറേഷനും ജില്ല പഞ്ചായത്തും പദ്ധതിയുമായി മുന്നോട്ടുവന്നത്. പുഴകളുൾപ്പെടെയുള്ള ജലസ്രോതസ്സുകളും മണ്ണും വായുവും മലിനമാക്കുന്നതിൽ പ്ലാസ്റ്റിക് കാരിബാഗുകളും ഡിസ്പോസബിൾ പ്ലേറ്റുകളും കപ്പുകളുമാണ് പ്രധാന പങ്കുവഹിക്കുന്നത് എന്ന തിരിച്ചറിവിെൻറ അടിസ്ഥാനത്തിലാണ് പദ്ധതി. പൊതുസമൂഹത്തിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ഇരുവരും അറിയിച്ചു. കോർപറേഷൻ, മുനിസിപ്പാലിറ്റികൾ, ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടെ ജില്ലയിലെ എഴുപതിലേറെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇതിനകം പ്ലാസ്റ്റിക് കാരിബാഗ്-ഡിസ്പോസബിൾ മുക്തമായി പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. സർക്കാർ പരിപാടികളിൽ ഇവ ഒഴിവാക്കി നേരത്തെ തീരുമാനം എടുത്തിരുന്നു. കണ്ണൂരിൽ നടന്ന സ്കൂൾ കലോത്സവം പൂർണമായി ഹരിതപെരുമാറ്റച്ചട്ടം പാലിച്ചാണ് നടത്തിയത്. ഹൈപർ-സൂപ്പർ മാർക്കറ്റുകൾ, ബേക്കറികൾ എന്നിവയുൾപ്പെടെ ജില്ലയിലെ ചെറുതും വലുതുമായ വ്യാപാരസ്ഥാപനങ്ങൾ പ്ലാസ്റ്റിക് കാരിബാഗ് വിതരണം ചെയ്യുന്നത് നിർത്തിയിട്ടുണ്ട്. പകരം തുണി സഞ്ചികളിലും പേപ്പർ കവറുകളിലുമാണ് വിതരണം ചെയ്യുന്നത്. പ്ലാസ്റ്റിക് കാരിബാഗിനു പകരം ഉപയോഗിക്കുന്നതിനുള്ള തുണിസഞ്ചികളുടെ നിർമാണത്തിൽ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന തുണിസഞ്ചി മേളയിൽ 80,000ൽ ഏറെ സഞ്ചികളാണ് വിറ്റഴിച്ചത്. സ്കൂൾ കുട്ടികളുടെയും കുടുംബശ്രീയുടെയും മറ്റും സഹായത്തോടെ നടത്തിയ പ്ലാസ്റ്റിക് ശേഖരണത്തിൽ ടൺകണക്കിന് മാലിന്യമാണ് സംസ്കരണകേന്ദ്രങ്ങളിലേക്ക് അയച്ചത്. വിവാഹങ്ങളുൾപ്പെടെയുള്ള ആഘോഷച്ചടങ്ങുകളിലും ഉത്സവങ്ങളിലും ഡിസ്പോസബിൾ സാധനങ്ങൾ ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങളും തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കാര്യക്ഷമമായി നടക്കുന്നുണ്ട്. സന്നദ്ധ-യുവജന സംഘടനകളും കാമ്പയിൻ വിജയിപ്പിക്കുന്നതിൽ പങ്കുവഹിച്ചതായും ഇരുവരും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.