മാ​ഹി​യി​ൽ പാ​ത​യോ​ര​ത്തെ 32 മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ചു​പൂ​ട്ടും

മാഹി: ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ നീക്കാനുള്ള സുപ്രീം കോടതി ഉത്തരവനുസരിച്ച് മാഹിയിലെ 32 മദ്യശാലകൾ അടച്ചുപൂട്ടും. മാർച്ച് 31ഓടെ ലൈസൻസ് കാലാവധി അവസാനിച്ച ഇവക്ക് ഏപ്രിൽ ഒന്ന് മുതൽ പ്രവർത്തിക്കാനുള്ള ലൈസൻസ് പുതുക്കി നൽകാത്തതിനാൽ തുടർന്ന് പ്രവർത്തിക്കാനാവില്ല. കഴിഞ്ഞ ഡിസംബർ 15ന് കോടതി പുറപ്പെടുവിച്ച വിധിയെ തുടർന്നാണിത്. ഇതുസംബന്ധിച്ച് പുതുച്ചേരി സർക്കാറും പുതുച്ചേരി ലിക്കർ മർച്ചൻറ്സ് അസോസിയേഷനും ഉൾപ്പെടെ സമർപ്പിച്ച രാജ്യത്തെ 52 പുന:പരിശോധനാ ഹരജികളിലാണ് വെള്ളിയാഴ്ച കോടതി തീർപ്പുകൽപിച്ചത്. പതിറ്റാണ്ടുകളോളമായി മാഹി മദ്യനിരോധന സമിതി നടത്തിവന്ന നിയമയുദ്ധത്തിെൻറ വിജയകരമായ പരിസമാപ്തിയാണ് ഇൗ കോടതി ഉത്തരവ്. ഒന്നര കിലോമീറ്ററോളം ദൂരം വരുന്ന മാഹി ദേശീയപാതയിലെ ഏതാണ്ട് 700 മീറ്റർ ചുറ്റളവിലാണ് 32 മദ്യഷാപ്പുകളും സ്ഥിതിചെയ്യുന്നത്. ദേശീയപാതയിൽ നിന്നും 500 മീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന രണ്ട് മദ്യശാലകൾ മാത്രമാണ് നഗരത്തിനുസമീപം ഇനി ബാക്കിയുണ്ടാവുക. മാഹി മേഖലയിൽ ആകെ 64 മദ്യവിൽപന കേന്ദ്രങ്ങളാണുള്ളത്. ബാക്കിയുള്ള 30 എണ്ണം പാറാൽ മുതൽ പള്ളൂർ -ചൊക്ലി പാതയോരത്തും പള്ളൂർ മുതൽ പന്തക്കൽ മൂലക്കടവ് വരെയുള്ള പാതയോരങ്ങളിലുമാണ് സ്ഥിതി ചെയ്യുന്നത്. ഈ റോഡുകൾ സംസ്ഥാന പാതകളുടെ ഗണത്തിൽ വരുകയില്ല. നീക്കം ചെയ്യപ്പെടുന്ന മദ്യശാലകളിൽ പകുതിയോളമെങ്കിലും നഗരത്തിന് തൊട്ടുള്ള ചൂടിക്കോട്ട, മഞ്ചക്കൽ, ഐ.കെ കുമാരൻ റോഡ് തുടങ്ങിയ പ്രദേശങ്ങളിൽ സ്ഥാപിക്കുന്നതിനുള്ള സംവിധാനങ്ങളായിട്ടുണ്ട്. എന്നാൽ, ഇവിടെയെല്ലാം ജനങ്ങൾ ശക്തമായ പ്രതിരോധത്തിലാണ്. പ്രക്ഷോഭത്തെ മറികടന്നും മദ്യശാലകൾ സ്ഥാപിക്കാൻ സർക്കാർ പൊലീസ് സഹായം നൽകും. ഇനി മാഹിയിൽ അനധികൃത മദ്യവിൽപന വ്യാപകമായി നടക്കാനിടയുണ്ട്. ഇത് കർശനമായി തടയണമെന്ന് ബി.ജെ.പി മാഹി മേഖല കമ്മിറ്റി അധികൃതരോടാവശ്യപ്പെട്ടു. ജനവാസ കേന്ദ്രങ്ങളിൽ മദ്യശാലകൾ സ്ഥാപിക്കാൻ അനുവദിക്കില്ലെന്നും കോടതി വിധി മറികടന്ന് മദ്യശാലകൾ പ്രവർത്തിച്ചാൽ തടയുമെന്നും ബി.ജെ.പി വ്യക്തമാക്കി. ഏപ്രിൽ ഒന്നുമുതൽ മാഹി ദേശീയ പാതയോരത്തെ മദ്യശാലകൾ തുറന്നുപ്രവർത്തിക്കാതിരിക്കാനുള്ള നടപടികളൊന്നും ഭരണകൂടം ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇതുസംബന്ധിച്ച് പുതുച്ചേരി സർക്കാറിൽനിന്നും നിർദേശങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് എക്സൈസിെൻറ കൂടി ചുമതലയുള്ള അഡ്മിനിസ്ട്രേറ്റർ എസ്. മാണിക്കദീപൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.