മു​ഖ്യ​മ​ന്ത്രി​യു​ടെ സ​മീ​പ​നം ജ​ന​വ​ഞ്ച​ന –പാ​ച്ചേ​നി

കണ്ണൂർ: രാമന്തളിയിലെ മാലിന്യ പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ച പ്രശ്നത്തിെൻറ ഗൗരവം പരിഗണിക്കാതെ ലാഘവത്തോടെയുള്ളതാണെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി. ശുദ്ധജലം കുടിക്കുന്നതിനുവേണ്ടി, ജനവാസ കേന്ദ്രത്തിനു സമീപം നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന മാലിന്യ പ്ലാൻറ് അടച്ചുപൂട്ടണമെന്ന ന്യായമായ ആവശ്യത്തെ മുൻനിർത്തിയാണ് ജനങ്ങൾ സമരരംഗത്തുള്ളത്. പ്രശ്നത്തെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മലിനീകരണ നിയന്ത്രണ ബോർഡും ആരോഗ്യ വകുപ്പും ജല വകുപ്പും കോഴിക്കോട്ടെ സി.ഡബ്ല്യു.ആർ.ഡി.എമ്മും ഉൾപ്പെടെ വിവിധ സർക്കാർ ഏജൻസികൾ രാമന്തളിയിലെ കിണർ വെള്ളം പരിശോധിച്ചതാണ്. മനുഷ്യവിസർജ്യത്തിൽ മാത്രം കണ്ടുവരുന്ന കോളിഫാം ബാക്ടീരിയയുടെ അളവ് ഇവിടത്തെ വെള്ളത്തിൽ 1100 പ്ലസ് ആണ്. വീണ്ടും വിദഗ്ധ സംഘം വരുന്നത് ഇതേ വകുപ്പുകളിൽനിന്നാണ്. ഒരു മാസം കഴിഞ്ഞ് വിദഗ്ധ സമിതി റിപ്പോർട്ട് നൽകുമ്പോഴേക്കും കാലവർഷവും കടന്നുവരും. ജനങ്ങൾ ഏറെ ആശങ്കപ്പെട്ട് ജീവിക്കണം എന്നാണോ മുഖ്യമന്ത്രി ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ചർച്ച എന്ന പേരിൽ മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണ്. ഗുരുതരാവസ്ഥ നേരിട്ടറിയാൻ സംഭവസ്ഥലം സന്ദർശിക്കാൻ പോലും മുഖ്യമന്ത്രി തയാറായില്ല. 32 ദിവസമായി ഏറെ ത്യാഗം സഹിച്ച് സമരം നടത്തുന്ന ജനാരോഗ്യ സംരക്ഷണ സമിതിയുടെ പ്രതിനിധികളെ ചർച്ചയിലേക്ക് വിളിക്കാനുള്ള സാമാന്യ മര്യാദപോലും ഭരണകൂടം കാണിച്ചില്ല. ജനവാസ കേന്ദ്രത്തിന് സമീപം തീർത്തും നിയമവിരുദ്ധമായി നിർമിക്കപ്പെട്ട മാലിന്യ പ്ലാൻറ് നിലനിർത്തിക്കൊണ്ടുള്ള പരിശോധന തന്നെ വഞ്ചനാപരമാണ്. ശുദ്ധജലത്തിനുള്ള ജനങ്ങളുടെ അവകാശത്തെ ലാഘവത്തോടെ കാണുന്ന സമീപനം തിരുത്തി മാലിന്യ പ്ലാൻറ് പ്രവർത്തനം അവസാനിപ്പിച്ച് ശാശ്വത പരിഹാരത്തിന് മുൻകൈയെടുക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും സതീശൻ പാച്ചേനി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.