സിവില്‍ സ്റ്റേഷന്‍ മാലിന്യമുക്തമാക്കാന്‍ നടപടി

കണ്ണൂര്‍: സിവില്‍ സ്റ്റേഷന്‍ മാലിന്യമുക്തമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി നിര്‍ദേശം നല്‍കി. കലക്ടറേറ്റിന്‍െറ വിവിധഭാഗങ്ങളിലെ മാലിന്യം കുന്നുകൂടിക്കിടക്കുന്ന സ്ഥലങ്ങള്‍ നേരില്‍ക്കണ്ട ശേഷമായിരുന്നു ജില്ലാ കലക്ടറുടെ നടപടി. ഇതിന്‍െറ ആദ്യപടിയായി ഇവിടെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം, കെട്ടിടാവശിഷ്ടങ്ങള്‍, ഉപയോഗശൂന്യമായ വാഹനങ്ങള്‍ തുടങ്ങിയവ നീക്കംചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഒക്ടോബര്‍ രണ്ടിന് കലക്ടറേറ്റിലെ മുഴുവന്‍ ജീവനക്കാരെയും സന്നദ്ധപ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് ശുചീകരണയജ്ഞം നടത്തും. ശുചീകരണത്തിനുശേഷം മാലിന്യം സംസ്കരിക്കുന്നതിനായി കോര്‍പറേഷന്‍െറ സഹായംതേടാനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഭാവിയില്‍ മാലിന്യം കുന്നുകൂടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ ശുചിത്വമിഷനെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി. ഇതിനായി എല്ലാ ഓഫിസുകളിലും ഭക്ഷണാവശിഷ്ടങ്ങള്‍, പ്ളാസ്റ്റിക് സാധനങ്ങള്‍, മറ്റ് മാലിന്യം എന്നിവ വെവ്വേറെ ശേഖരിക്കുന്നതിനായി പ്രത്യേകം ബക്കറ്റുകള്‍ സ്ഥാപിക്കും. എല്ലാദിവസവും ഓഫിസുകളിലെ മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ശുചിത്വമിഷന് നിര്‍ദേശം നല്‍കി. കലക്ടറേറ്റിലെ ചോര്‍ന്നൊലിക്കുന്നതും പൊട്ടിപ്പൊളിഞ്ഞതുമായ കെട്ടിടങ്ങള്‍ നവീകരിക്കുന്നതിനുള്ള പദ്ധതി തയാറാക്കാന്‍ പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. വൃത്തിഹീനമായിക്കിടക്കുന്ന ശുചിമുറികള്‍ ഉടന്‍ നവീകരിക്കും. ഇതിനു മുന്നോടിയായി കലക്ടറേറ്റിന് പുറത്ത് ശുചിമുറികള്‍ സ്ഥാപിച്ച് നടത്താന്‍ ഏജന്‍സിയെ ഏല്‍പിക്കും. ഇതിലേക്കുള്ള ചെലവ് കണ്ടത്തെുന്നതിനായി ഇവിടെ പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്താനും ആലോചനയുണ്ട്. ശുചീകരണയജ്ഞത്തിന്‍െറ ഭാഗമായി വെള്ളം കെട്ടിക്കിടക്കുന്ന ഓവുചാലുകള്‍ നവീകരിക്കാനും സ്ളാബില്ലാത്തയിടങ്ങളില്‍ അത് സ്ഥാപിക്കാനും നടപടി സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഒക്ടോബര്‍ ഒന്നിന് വൈകീട്ട് നാലിന് വകുപ്പുമേധാവികളുടെ യോഗം ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.