ആതിരയുടെ അപകടമരണം: കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഉപരോധം

കണ്ണൂര്‍: സഹപാഠി ബസിനടിയില്‍പെട്ട് മരിച്ചെന്നറിഞ്ഞതോടെ ശ്മശാനമൂകമായ കോളജില്‍നിന്ന് വിദ്യാര്‍ഥികള്‍ താഴേ ചൊവ്വയിലേക്ക് ഒഴുകുകയായിരുന്നു. വിദ്യാര്‍ഥിപ്രതിനിധികളുടെ നിര്‍ദേശമനുസരിച്ച് അവര്‍ റോഡ് ഉപരോധത്തില്‍ പങ്കുചേര്‍ന്നു. അധികൃതരുടെ കണ്ണുതുറപ്പിക്കാന്‍ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ ഒന്നരമണിക്കൂറോളം അവര്‍ റോഡില്‍ കുത്തിയിരുന്നു. ഇതോടെ ഇരുഭാഗത്തേക്കും ഗതാഗതം നിലച്ചു. സഹപാഠിയുടെ ജീവനെടുത്ത ബസുകാര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച് പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥിക്കൂട്ടം ഉപരോധത്തിന് കരുത്തേകി. വിദ്യാര്‍ഥിസംഘടനാ നേതാക്കളുടെ സാന്നിധ്യത്തില്‍ ‘വിദ്യാര്‍ഥി ഐക്യ’മെന്ന മുദ്രാവാക്യമുയര്‍ത്തി റോഡിലിരുന്നവര്‍ക്ക് ദാഹജലം നല്‍കി നാട്ടുകാരും പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തി. ബസുകളുടെ മത്സരയോട്ടത്തെക്കുറിച്ച് നിരവധി പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരും വിദ്യാര്‍ഥികളോടൊപ്പം ഉപരോധത്തിന് കൂടിയത്. സി.ഐ കെ.വി. വേണുഗോപാലന്‍, ടൗണ്‍ എസ്.ഐ കുട്ടികൃഷ്ണന്‍, ട്രാഫിക് എസ്.ഐ കെ. സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും നിലയുറപ്പിച്ചിരുന്നു. 10.15ഓടെ സി.പി.എം സംസ്ഥാന സമിതിയംഗം എം.വി. ജയരാജന്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കാനത്തെി. വിദ്യാര്‍ഥിസംഘടനാ പ്രതിനിധികള്‍, ജില്ലാ പൊലീസ് മേധാവി, ജില്ലാ കലക്ടറെ പ്രതിനിധാനംചെയ്ത് തഹസില്‍ദാര്‍ പി.എം. സജീവന്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ചയുണ്ടെന്നും ഉപരോധം അതുവരെ തുടരട്ടെയെന്നും അദ്ദേഹം നിര്‍ദേശിച്ചു. പിന്നീട് 11ഓടെ ചര്‍ച്ചയുടെ തീരുമാനങ്ങള്‍ അറിയിച്ച് ഉപരോധം പിന്‍വലിക്കുകയായിരുന്നു. അധികൃതരുടെ വാഗ്ദാനത്തില്‍ തൃപ്തരാകാതെ ഒരുവിഭാഗം വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചെങ്കിലും മുതിര്‍ന്നനേതാക്കളത്തെി അനുനയിപ്പിച്ചു. അതേസമയം, ബസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് രാവിലെ 11നുശേഷം ജില്ലയിലെ ചില റൂട്ടുകളില്‍ ബസ് ജീവനക്കാര്‍ പണിമുടക്കി. ഇതോടെ വിവിധയിടങ്ങളില്‍ ജനം വീണ്ടും ദുരിതത്തിലായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.