തെരുവുനായ് പ്രജനന നിയന്ത്രണ പദ്ധതിക്ക് നാളെ തുടക്കമാകും

കണ്ണൂര്‍: തെരുവുനായ് ശല്യം നേരിടുന്നതിന്‍െറ ഭാഗമായി ജില്ലയില്‍ നടപ്പാക്കുന്ന പ്രജനന നിയന്ത്രണ (എ.ബി.സി) പദ്ധതി വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് അറിയിച്ചു. ലോക പേവിഷബാധ ദിനത്തോടനുബന്ധിച്ച് മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരുവുനായ് ശല്യം രൂക്ഷമായ പാപ്പിനിശ്ശേരി, അഴീക്കോട്, മയ്യില്‍, കണ്ണൂര്‍ കോര്‍പറേഷന്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് തുടക്കത്തില്‍ പദ്ധതി നടപ്പാക്കുക. നായ്ക്കള്‍ക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നതിനും പേവിഷബാധക്കെതിരായ കുത്തിവെപ്പ് നടത്തുന്നതിനുമുള്ള സംവിധാനങ്ങള്‍ പാപ്പിനിശ്ശേരിയില്‍ ഒരുങ്ങിക്കഴിഞ്ഞു. എ.ബി.സി പദ്ധതി ഫലവത്താവണമെങ്കില്‍ അറവ് ശാലകളില്‍ നിന്നുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിയന്ത്രിക്കാനുള്ള സമാന്തര ശ്രമങ്ങളുണ്ടാവണം. റോഡരികുകളിലും ഒഴിഞ്ഞ പറമ്പുകളിലും മാംസാവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നതാണ് തെരുവുനായ് ശല്യം ഇത്ര രൂക്ഷമാവാന്‍ കാരണം. ഇത് തടയുന്നതിനുള്ള സമഗ്രപദ്ധതിയും ജില്ലാ പഞ്ചായത്ത് ആസൂത്രണം ചെയ്യുന്നുണ്ട്. മാലിന്യ നിര്‍മാജന കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഊര്‍ജിതമായ ബോധവത്കരണവും പദ്ധതിയുടെ ഭാഗമായി നടത്തും. തെരുവുനായ് വിഷയത്തില്‍ വൈകാരിക പ്രകടനങ്ങള്‍ക്കു പകരം പ്രായോഗികവും ശാസ്ത്രീയവുമായ രീതി അവലംബിക്കുന്നതിന്‍െറ ഭാഗമായാണ് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. ആക്രമിക്കാന്‍ വരുന്നവയെ കൊല്ലുന്നത് ന്യായീകരിക്കാമെങ്കിലും എല്ലാ തെരുവുനായ്ക്കളെയും നശിപ്പിക്കണമെന്ന വാദത്തോട് യോജിപ്പില്ല. നേരത്തേ നടത്തിയ ഇത്തരം ശ്രമങ്ങള്‍ പരാജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ആറു മാസത്തിനകം തെരുവുനായ്ക്കളുടെ എണ്ണം 60 ശതമാനം കണ്ട് കുറക്കാനാണ് എ.ബി.സി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് തദ്ദേശ സ്ഥാപനങ്ങളുടെ പൂര്‍ണ സഹകരണം ആവശ്യമാണ്. തെരുവുനായ്ക്കള്‍ക്ക് ഒന്നിന് 1450 രൂപ എന്ന തോതില്‍ നല്‍കിയാണ് ബംഗളൂരു ആസ്ഥാനമായ ആനിമല്‍ റൈറ്റ്സ് ഫണ്ട് എന്ന ഏജന്‍സിയെ പദ്ധതി ഏല്‍പിച്ചിരിക്കുന്നത്. എല്ലാ പ്രദേശങ്ങളിലെയും തെരുവുനായ്ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയക്കും വാക്സിനേഷനും വിധേയമാക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി തദ്ദേശ സ്ഥാപനങ്ങള്‍ മോണിറ്ററിങ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കണം. പിടികൂടിയ സ്ഥലത്ത് തന്നെ വന്ധ്യംകരിച്ച നായ്ക്കളെ കൊണ്ടുവിടും. ബന്ധപ്പെട്ട വാര്‍ഡ് മെംബര്‍ ഏജന്‍സിയുടെ പ്രവര്‍ത്തനം സാക്ഷ്യപ്പെടുത്തണം. വളര്‍ത്തുനായ്ക്കളെക്കൂടി പദ്ധതിയുടെ ഭാഗമാക്കും. അവക്ക് പേവിഷബാധക്കെതിരായ വാക്സിന്‍ നല്‍കുമെന്നും ലൈസന്‍സ് സമ്പ്രദായം ഏര്‍പ്പെടുത്തുമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ജയബാലന്‍ മാസ്റ്റര്‍, ഡി.എം.ഒ ഡോ. നാരായണ നായിക്, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് മൈഥിലി രമണന്‍, സെക്രട്ടറി എ.കെ. ചന്ദ്രന്‍ മാസ്റ്റര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ്. നാരായണന്‍ നമ്പൂതിരി, ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. ആര്‍. രാജന്‍, ഡോ. ടി.വി. ഉണ്ണികൃഷ്ണന്‍, പി.കെ. രാജന്‍, ഡോ. ടി.എ. ബാബുരാജ് എന്നിവര്‍ സംസാരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. പി.പി. കണാരന്‍, എസ്.എല്‍.ബി.പി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സി.കെ. ഖലീല്‍, അസി. ഡയറക്ടര്‍ ഡോ. വി. പ്രശാന്ത് എന്നിവര്‍ ക്ളാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.