ജില്ലാ ആസൂത്രണ സമിതി തെരഞ്ഞെടുപ്പ് മുസ്ലിംലീഗ് ബഹിഷ്കരിച്ചു

കണ്ണൂര്‍: കോണ്‍ഗ്രസ് നേതൃത്വത്തിന്‍െറ നിഷേധാത്മക നിലപാടിനെ തുടര്‍ന്ന് ജില്ലാ ആസൂത്രണ സമിതിയിലേക്കുള്ള പ്രതിനിധി തെരഞ്ഞെടുപ്പില്‍നിന്ന് മുസ്ലിംലീഗ് വിട്ടുനിന്നു. ജില്ലാ പഞ്ചായത്ത് അംഗങ്ങളില്‍നിന്നും തെരഞ്ഞെടുക്കപ്പെടേണ്ട ഒമ്പത് പ്രതിനിധികളെയാണ് തിങ്കളാഴ്ച സമവായത്തിലൂടെ തെരഞ്ഞെടുത്തത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഒമ്പത് പ്രതിനിധികളില്‍ എല്‍.ഡി.എഫിന്‍െറ ഏഴും യു.ഡി.എഫിന്‍െറ രണ്ടും അംഗങ്ങളെയാണ് തെരഞ്ഞെടുത്തത്. യു.ഡി.എഫിന് ലഭിക്കുന്ന രണ്ട് സീറ്റില്‍ ഒരെണ്ണം ലഭിക്കണമെന്നായിരുന്നു മുസ്ലിംലീഗിന്‍െറ ആവശ്യം. ഇത് കോണ്‍ഗ്രസ് നേതൃത്വം തള്ളിയതിനെ തുടര്‍ന്നാണ് ലീഗ് പ്രതിനിധി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത്. എല്‍.ഡി.എഫിന് ലഭിച്ച ഏഴ് സീറ്റില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ വി.കെ. സുരേഷ് ബാബു, കെ.പി. ജയബാലന്‍, ടി.കെ. റംല, കെ. ശോഭ, മെംബര്‍മാരായ പി. ജാനകി, പി. ഗൗരി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫിന് ലഭിച്ച രണ്ട് സീറ്റില്‍ കോണ്‍ഗ്രസ് പ്രതിനിധികളായ അജിത്ത് മാട്ടൂലും സുമിത്ര ഭാസ്കരനുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഒരു സീറ്റ് ലീഗിന് നല്‍കണമെന്ന് സംസ്ഥാന-ജില്ലാ നേതൃത്വം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കോണ്‍ഗ്രസ് തയാറായില്ല. തുടര്‍ന്ന് മുസ്ലിംലീഗ് നേതാവായ അന്‍സാരി തില്ലങ്കേരി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതായി അറിയിക്കുകയായിരുന്നു. 15 അംഗ കമ്മിറ്റിയില്‍ ഒരാളെ നോമിനേറ്റ് ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കമ്മിറ്റിയില്‍ പ്രതിനിധിയാണ്. കോര്‍പറേഷന്‍ കൗണ്‍സിലില്‍നിന്ന് ഒരു പ്രതിനിധിയും മുനിസിപ്പല്‍ കൗണ്‍സിലര്‍മാരില്‍ നിന്ന് രണ്ട് പ്രതിനിധികളും സമിതിയില്‍ തെരഞ്ഞെടുക്കപ്പെടും. ഇവര്‍ക്കായുള്ള തെരഞ്ഞെടുപ്പ് അടുത്ത ദിവസം നടക്കും. ഇതില്‍നിന്നും മുസ്ലിംലീഗ് വിട്ടുനില്‍ക്കുമെന്ന് ജില്ലാ പ്രസിഡന്‍റ് പി. കുഞ്ഞുമുഹമ്മദ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.