സമഗ്ര വിദ്യാഭ്യാസ പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കുന്ന സ്കൂളിന് 25 ലക്ഷം രൂപ

കണ്ണൂര്‍: ജില്ലയിലെ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെ ക്ളാസുകളിലെ പഠന നിലവാരം ഉയര്‍ത്തുന്നതിനുള്ള സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്ന 24 സര്‍ക്കാര്‍ സ്കൂളുകള്‍ക്കായി ജില്ലാതല ആശയരൂപവത്കരണ ശില്‍പശാല ഒക്ടോബര്‍ ആദ്യവാരം നടത്താന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്തിന് കീഴിലെ ഒരോ ഡിവിഷനിലും ഒരു ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയില്‍ ഓരോ വര്‍ഷവും ഏറ്റവും മികച്ച രീതിയില്‍ പദ്ധതി നടപ്പാക്കുന്ന സ്കൂളിന് 25 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് അധികമായി നല്‍കുമെന്ന് പ്രസിഡന്‍റ് കെ.വി. സുമേഷ് യോഗത്തില്‍ അറിയിച്ചു. പ്രിന്‍സിപ്പല്‍/ഹെഡ്മാസ്റ്റര്‍, പി.ടി.എ, എസ്.എം.സി പ്രതിനിധി, സ്കൂള്‍ ലീഡര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, സ്കൂള്‍തല പദ്ധതി കോഓഡിനേറ്റര്‍ എന്നിവരെ പങ്കെടുപ്പിച്ചാണ് ആശയ രൂപവത്കരണ ശില്‍പശാല നടത്തുക. പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെയും നടപ്പാക്കേണ്ട വഴികളെയും കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിനു വേണ്ടിയാണിത്. മൂന്നു മുതല്‍ 12 വരെ ക്ളാസുകളിലെ വിദ്യാഭ്യാസ നിലവാരവും വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യവും മെച്ചപ്പെടുത്താനുള്ള സമഗ്ര വിദ്യാഭ്യാസ പദ്ധതിയാണ് നടപ്പാക്കുക. പദ്ധതി നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്നതിനായി സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനകള്‍, എസ്.എം.സി, പി.ടി.എ അംഗങ്ങള്‍ തുടങ്ങിയവരെ ഉള്‍ക്കൊള്ളിച്ച് ഒക്ടോബര്‍ അവസാനത്തോടെ സ്കൂള്‍തല വികസന സമിതി രൂപവത്കരിക്കും. സ്കൂളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള അധികചെലവുകള്‍ വികസന സമിതിയുടെ നേതൃത്വത്തിലാണ് കണ്ടത്തെുക. നവംബറോടെ പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ വിശദമായ മാസ്റ്റര്‍ പ്ളാന്‍ തയാറാവും. മാതൃഭാഷ, ഇംഗ്ളീഷ്, ഗണിതം, ഭൂമിശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ കഴിവ് നേടിക്കൊടുക്കുന്നതിനായുള്ള പ്രത്യേക പരിപാടികള്‍ പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അധ്യാപര്‍ക്ക് ശില്‍പശാല നല്‍കുന്നതിനുള്ള പരിശീലന സാമഗ്രികളും സമയക്രമവും തയാറായിക്കഴിഞ്ഞു. ഓരോ വിഷയങ്ങളിലും പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടത്തെി പ്രത്യേക പരിശീലനവും നല്‍കും. എസ്.എസ്.എല്‍.സി, പ്ളസ് ടു ക്ളാസുകളിലെ പഠനനിലവാരം ഉയര്‍ത്തുന്നതിനുള്ള പ്രത്യേക ജില്ലാതല മോണിറ്ററിങ് സമിതികള്‍ സ്കൂളുകള്‍ സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളും. വിവിധ വിഷയങ്ങളില്‍ പ്രത്യേക കോച്ചിങ് ക്ളാസുകള്‍, പരീക്ഷാ പരിശീലനങ്ങള്‍, ആത്മവിശ്വാസം ഉയര്‍ത്തുന്നതിനുള്ള കൗണ്‍സലിങ് പരിപാടികള്‍, രക്ഷാകര്‍തൃ ബോധവത്കരണം, ഗൃഹസന്ദര്‍ശനം തുടങ്ങിയവ ഇതിന്‍െറ ഭാഗമായി നടക്കും. ഇതിനു പുറമെ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, യോഗ ഉള്‍പ്പെടെയുള്ള മാനസിക-കായിക വികസന പരിപാടികള്‍, നീന്തല്‍, കളരി, കരാട്ടേ പരിശീലനം, പെണ്‍കുട്ടികള്‍ക്കായുള്ള പ്രത്യേക കായിക ശാക്തീകരണ പരിപാടികള്‍, പട്ടിക വിഭാഗങ്ങളിലെ കുട്ടികള്‍ക്കുള്ള പ്രത്യേക പഠനപോഷണ പരിപാടികള്‍, തെരഞ്ഞെടുത്ത സ്കൂളുകളില്‍ ജൈവവൈവിധ്യ പാര്‍ക്കുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രോജക്ടുകളും സമഗ്രവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി നടപ്പാക്കും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.പി. ജയബാലന്‍, വി.കെ. സുരേഷ് ബാബു, കെ. ശോഭ, ടി.ടി. റംല, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ. ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.കെ. ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. അഞ്ച് വര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ കാലാവധി പൂര്‍ത്തിയാക്കി തിരികെ പോകുന്ന ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.കെ. ശ്രീജിത്തിന് യോഗം യാത്രയയപ്പ് നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.