പയ്യന്നൂരിലെ കോണ്‍ഗ്രസ് സംഘര്‍ഷം: അഞ്ചു പേര്‍ക്കെതിരെ കേസ്

പയ്യന്നൂര്‍: സഹകരണ ടൗണ്‍ ബാങ്കിലെ നിയമനത്തിനെതിരെ സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിക്കുകയും പ്രവര്‍ത്തകയെ ജാതിപ്പേരു വിളിച്ച് അപമാനിക്കുകയും ചെയ്തുവെന്ന പരാതിയില്‍ അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി മഞ്ജുള കൊയിലേരിയുടെ പരാതിയിലാണ് കോണ്‍ഗ്രസ് ബ്ളോക് ജനറല്‍ സെക്രട്ടറിമാരായ കെ.പി. മോഹനന്‍, ബാബു ചെറുപുഴ, പ്രവര്‍ത്തകരായ ദിനൂപ്, രജീഷ് പാലങ്ങാടന്‍, ജിതേഷ് എന്നിവര്‍ക്കെതിരെ എസ്.സി-എസ്.ടി ആക്ട് പ്രകാരം കേസെടുത്തത്. ഇവര്‍ ടൗണ്‍ ബാങ്ക് ജീവനക്കാര്‍ കൂടിയാണ്. ബാങ്കിലെ നിയമനത്തില്‍ അപാകതയുണ്ടെന്നാരോപിച്ച് ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാങ്കിനു മുന്നില്‍ സമരം ആരംഭിച്ചപ്പോഴാണ് ആക്രമണമുണ്ടായത്. ഇതിനിടയില്‍ ജാതിപ്പേര് വിളിച്ച് അപമാനിച്ചുവെന്നാണ് മഞ്ജുളയുടെ പരാതി. ഇവര്‍ പയ്യന്നൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പയ്യന്നൂര്‍ എസ്.ഐ എ.വി. ദിനേശനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തളിപ്പറമ്പ് ഡിവൈ.എസ്.പി സി. അരവിന്ദാക്ഷനാണ് അന്വേഷണ ചുമതല. അതിനിടെ ബാങ്കിനു മുന്നില്‍ നടക്കുന്ന സമരം തിങ്കളാഴ്ച ആറു ദിവസം പിന്നിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.