ആറളം ആദിവാസി പുനരധിവാസ മേഖല കലക്ടര്‍ സന്ദര്‍ശിച്ചു

കേളകം: സമ്പൂര്‍ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയുടെ വിവിധ ബ്ളോക്കുകളില്‍ നിര്‍മിക്കുന്ന കക്കൂസുകളുടെ നിര്‍മാണ പൂര്‍ത്തീകരണം വിലയിരുത്തുന്നതിനായി ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദാലി ആറളം സന്ദര്‍ശിച്ചു. പുനരധിവാസ മേഖലയുടെ വിവിധ ബ്ളോക്കുകളില്‍ സന്ദര്‍ശനം നടത്തിയ കലക്ടര്‍ മേഖലയില്‍ അനുവദിച്ച കക്കൂസുകളൂടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ ആറളം പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയില്‍ സമ്പൂര്‍ണ ശുചിത്വ ജില്ലയായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് പദ്ധതി പൂര്‍ത്തിയാകാത്ത ആറളത്ത് കലക്ടര്‍ സന്ദര്‍ശിച്ചത്. ബ്ളോക് പതിനൊന്നില്‍ 17 കക്കൂസുകളും പതിമൂന്നില്‍ 19 കക്കൂസുകളും പൂര്‍ത്തിയാവാത്തത് ശ്രദ്ധയില്‍ പെട്ട കലക്ടര്‍ ഇത് നിര്‍മിതി കേന്ദ്രത്തിന്‍െറ സഹകരണത്തോടെ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചു. ആറളം പഞ്ചായത്ത് ഭാരവാഹികളില്‍ നിന്നും, ട്രൈബല്‍ മിഷന്‍ സൈറ്റ് മാനേജരില്‍ നിന്നും വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു. ആറളത്ത് 20000 രൂപ വീതം ചെലവില്‍ അഞ്ഞൂറിലധികം കക്കൂസുകളാണ് നിര്‍മിക്കാന്‍ പദ്ധതിയിട്ടത്. ഇവയില്‍ ബ്ളോക് ഒമ്പതിലും മറ്റ് സ്ഥലങ്ങളിലുമുള്ള നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ആദിവാസി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തത്തെിയിരുന്നു. ഇത് സംബന്ധിച്ച് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുനരധിവാസമേഖലയില്‍ കുടുംബങ്ങളുടെ ജീവനോപാദിക്കായി സമഗ്രപദ്ധതി തയാറാക്കി നടപ്പാക്കും. ഇതിനായി 10 വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഒക്ടോബര്‍ ഏഴിന് നടക്കുമെന്നും കലക്ടര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ്, ആറളം പഞ്ചായത്ത് പ്രസിഡന്‍റ് ഷിജി നടുപ്പറമ്പില്‍, വൈസ് പ്രസിഡന്‍റ് കെ. വേലായുധന്‍, ആറളം ടി.ആര്‍.ഡി.എം സൈറ്റ് മാനേജര്‍ ഗിരീഷ് കുമാര്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ റഹിയാനത്ത് സുബി തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.