തെരുവുനായ്ക്കളുടെ വന്ധ്യംകരണം ഇനി പാപ്പിനിശ്ശേരിയില്‍

പാപ്പിനിശ്ശേരി: ജില്ലയില്‍ തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ പാപ്പിനിശ്ശേരിയില്‍ വന്ധ്യംകരണ സംവിധാനം ഒരുങ്ങുന്നു. പാപ്പിനിശ്ശേരി മൃഗാശുപത്രിയോട് ചേര്‍ന്നാണ് സംവിധാനം തയാറായിവരുന്നത്. ജില്ലാ പഞ്ചായത്താണ് വന്ധ്യംകരണ സംവിധാനം പാപ്പിനിശ്ശേരിയില്‍ ആരംഭിക്കാന്‍ നടപടിയുമായി വന്നത്. പാപ്പിനിശ്ശേരി പഞ്ചായത്തില്‍ രണ്ടുവര്‍ഷത്തിനുമുമ്പേ നായ്ക്കളില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന് പഞ്ചായത്ത് തന്നെയാണ് മുന്‍കൈയെടുത്തത്. ഇതിന്‍െറ വിജയം കണക്കിലെടുത്താണ് ജില്ലാ പഞ്ചായത്ത് പാപ്പിനിശ്ശേരിയില്‍ ജില്ലാതല വന്ധ്യംകരണ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. നാരായണന്‍ അറിയിച്ചു. ശസ്ത്രക്രിയ നടത്താനും നായ്ക്കളെ പിടിച്ച് പാര്‍പ്പിക്കാനുമുള്ള സൗകര്യമാണ് ഇപ്പോള്‍ ഒരുക്കുന്നത്. ഇനിയും കൂടുതല്‍ നായ്ക്കള്‍ വന്നാല്‍ നിലവിലുള്ള സൗകര്യം മതിയാവില്ല. അതു പരിഹരിക്കാനുള്ള നടപടി മൃഗാശുപത്രിയില്‍ ഒരുക്കുന്നതിനായി ജില്ലാ പഞ്ചായത്ത് ആലോചിച്ചുവരുന്നതായും അറിയുന്നു. ജില്ലാ പഞ്ചായത്ത് ബംഗളൂരുവിലെ ആനിമല്‍ റൈറ്റ്സ് ഫണ്ട് എന്ന സംഘടനയുമായി സഹകരിച്ചാണ് ക്യാമ്പിന് ചുക്കാന്‍പിടിക്കുക. കണ്ണൂര്‍ ജില്ലയില്‍ മുഴുവന്‍ പഞ്ചായത്തുകളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കിവരുന്നത്. ഇതിനായി മറ്റു പഞ്ചായത്തുകളില്‍നിന്നും ജില്ലാ പഞ്ചായത്ത് ഫണ്ട് ശേഖരിക്കും. കൂടാതെ ജില്ലാ പഞ്ചായത്തിന്‍െറ തനത് ഫണ്ടും ഉപയോഗിക്കും. പാപ്പിനിശ്ശേരിയില്‍ ദേശീയപാതയില്‍ മാലിന്യം കുമിഞ്ഞുകൂടുന്നതിനാല്‍ തെരുവുനായ്ക്കളുടെ ശല്യം കൂടുതലാണ്. വന്ധ്യംകരണം ആരംഭിച്ചുകഴിഞ്ഞാല്‍ തെരുവുനായ്ക്കള്‍ പെറ്റുപെരുകുന്നതിന് ശമനമുണ്ടാകുമെന്നാണ് പൊതുവേയുള്ള കണക്കുകൂട്ടല്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.