സമുദായത്തില്‍ വിള്ളലുണ്ടാക്കുന്നവരെ കരുതിയിരിക്കണം –ഡോ. സൂസൈപാക്യം

കണ്ണൂര്‍: സമുദായത്തില്‍ വിള്ളലുകളുണ്ടാക്കുന്ന നിക്ഷിപ്ത താല്‍പര്യക്കാര്‍ നമുക്കിടയിലുണ്ടെന്നും അവരെ കരുതിയിരിക്കണമെന്നും തിരുവനന്തപുരം ആര്‍ച് ബിഷപ് ഡോ. സൂസൈപാക്യം പറഞ്ഞു. കേരള ലത്തീന്‍ കത്തോലിക്ക അല്‍മായ കമീഷന്‍െറ ആഭിമുഖ്യത്തില്‍ നടക്കുന്ന അല്‍മായ ശുശ്രൂഷ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ തെരഞ്ഞെടുപ്പിലും നാം ഈ പ്രശ്നം നേരിട്ടുകൊണ്ടിരിക്കുകയാണ്. ആവശ്യങ്ങള്‍ നേടിയെടുക്കാനും പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോഴുമാണ് ഇത്തരക്കാരുടെ പങ്കാളിത്തം കാണുന്നത്. ശിപാര്‍ശകള്‍ക്ക് വരുന്നവരെ സ്ഥാനമാനങ്ങളും കാര്യങ്ങളും നേടിക്കഴിഞ്ഞാല്‍ കാണുന്നില്ളെന്നും ബിഷപ് പറഞ്ഞു. വ്യത്യസ്ത സംസ്കാരവും ജാതിയും ഉപജാതിയും രാഷ്ട്രീയ പശ്ചാത്തലവും ഉള്‍ക്കൊള്ളുന്നവരാണ് ലത്തീന്‍ സമുദായം. പരമ്പരാഗതമായ വ്യത്യസ്തത കാരണം പരസ്പരം അകന്നു നില്‍ക്കുന്ന പ്രവണത ഉണ്ടാകരുത്. വിഘടിച്ചു നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം. സമുദായത്തിന്‍െറ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി ലത്തീന്‍ സമൂഹം ഐക്യപ്പെടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല അധ്യക്ഷത വഹിച്ചു. ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ്, പുഷ്പ ക്രിസ്റ്റി, ഫാ. വില്യം രാജന്‍, മേബിള്‍ ജോണ്‍കുട്ടി എന്നിവര്‍ സംസാരിച്ചു. ഞായറാഴ്ച രാവിലെ 11ന് സമാപന സമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. പ്രമുഖര്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.