ഉപ്പാലവളപ്പ് മാലിന്യം: മന്ത്രി പരാതിക്കാരനായപ്പോള്‍ കോര്‍പറേഷന്‍ പ്രതിക്കൂട്ടില്‍

കണ്ണൂര്‍: ഉപ്പാലവളപ്പ് തോട്ടില്‍ കാലങ്ങളായി അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യ പ്രശ്നത്തില്‍ ജില്ലാ വികസന യോഗത്തില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ പ്രതിക്കൂട്ടിലായി. സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് യോഗത്തില്‍ ഈ വിഷയം ശക്തമായി ഉന്നയിച്ചത്. ഉപ്പാലവളപ്പ് മാലിന്യം വലിയൊരു ആരോഗ്യ പ്രശ്നമായി വളര്‍ന്നുവന്നിരിക്കുകയാണെന്നും അത് നീക്കം ചെയ്യാന്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജില്ലാ ആശുപത്രിയില്‍ നിന്നുള്ള മാലിന്യമാണ് തോട്ടില്‍ അടിഞ്ഞുകൂടിയിരിക്കുന്നതെന്നായിരുന്നു ബന്ധപ്പെട്ടവരുടെ വിശദീകരണം. ഇവിടത്തെ മാലിന്യ പ്ളാന്‍റ് യാഥാര്‍ഥ്യമാവുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാവുമെന്ന് കോര്‍പറേഷന്‍ അധികൃതര്‍ യോഗത്തെ അറിയിച്ചു. അത് പോര എന്നായിരുന്നു ജില്ലാ കലക്ടറുടെ നിലപാട്. മാലിന്യ പ്ളാന്‍റ് യാഥാര്‍ഥ്യമാവുന്നത് വരെയും പകരം നടപടി വേണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. നിലവിലുള്ള മാലിന്യം നീക്കം ചെയ്യുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ അംഗീകാരത്തിനായി സമര്‍പ്പിക്കണമെന്ന് കോര്‍പറേഷന്‍ അധികൃതര്‍ക്ക് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി നിര്‍ദേശം നല്‍കി. 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരം കൃഷിഭൂമിയുടെ ഡാറ്റാബാങ്ക് തയാറാക്കുന്ന പശ്ചാത്തലത്തില്‍ പതിറ്റാണ്ടുകളായി താമസിക്കുന്ന വീടുകളുടെ ആധാരത്തില്‍ നിലം എന്ന് രേഖപ്പെടുത്തിയതിനാല്‍ അവയുടെ പുനര്‍നിര്‍മാണത്തിനോ അറ്റകുറ്റപ്പണികള്‍ക്കോ അനുമതി ലഭിക്കാത്ത പ്രശ്നത്തിന് രണ്ടാഴ്ചക്കകം പരിഹാരം കാണുമെന്ന് ജില്ലാ കലക്ടര്‍ സമിതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന കലക്ടര്‍മാരുടെ യോഗത്തില്‍ വിശദമായ ചര്‍ച്ച നടന്നതായും അദ്ദേഹം പറഞ്ഞു. പിലാത്തറ-പാപ്പിനിശ്ശേരി റോഡില്‍ അപകടം പെരുകുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും റോഡില്‍ വരയിടുകയും ചെയ്യണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ളെന്ന് ടി.വി. രാജേഷ് എം.എല്‍.എ കുറ്റപ്പെടുത്തി. പുതിയതെരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂരില്‍ നിന്ന് പഴയങ്ങാടിയിലേക്ക് രാത്രി എട്ട് മണിക്ക് ശേഷം ബസുകള്‍ ഓടുന്നില്ളെന്നും സര്‍വിസ് നടത്താത്ത ബസുകളുടെ പെര്‍മിറ്റ് റദ്ദ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പ നദിയിലെ മാലിന്യം ഏതെങ്കിലും ക്ളീനിങ് ഏജന്‍സിയെ ഉപയോഗിച്ച് നീക്കുന്ന കാര്യത്തില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. യോഗത്തില്‍ എം.എല്‍.എമാരായ സി. കൃഷ്ണന്‍, സണ്ണി ജോസഫ്, ജെയിംസ് മാത്യു, ജില്ലാ പ്ളാനിങ് ഓഫിസര്‍ കെ. പ്രകാശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.