സാധാരണക്കാരുടെ പുഞ്ചിരി സര്‍ക്കാറിനുള്ള സര്‍ട്ടിഫിക്കറ്റ്– മന്ത്രി

കണ്ണൂര്‍: വികസന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഗുണഫലങ്ങള്‍ നേരിട്ടനുഭവിക്കാനാകുമ്പോള്‍ സാധാരണക്കാരുടെ മുഖത്തുവിരിയുന്ന പുഞ്ചിരിയാണ് സര്‍ക്കാറിനുള്ള സര്‍ട്ടിഫിക്കറ്റെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മുനിസിപ്പല്‍ സ്കൂളില്‍ സംസ്ഥാനസര്‍ക്കാറിന്‍െറ നൂറുദിനാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. എട്ടും പത്തും മാസത്തെ കുടിശ്ശികതീര്‍ത്ത് ക്ഷേമപെന്‍ഷനുകള്‍ നേരിട്ട് വീട്ടിലത്തെിച്ചുകൊടുക്കുമ്പോള്‍ നിരാശ്രയരും രോഗികളുമായ ഗുണഭോക്താക്കളുടെ സന്തോഷം താനും നേരിട്ട് കണ്ടറിഞ്ഞതാണെന്ന് മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് വിഷമില്ലാത്ത ആഹാരവും നല്ല കുടിവെള്ളവും പരിസ്ഥിതിസൗഹൃദ വികസനവും ഉറപ്പുവരുത്താനുള്ളതാണ് നൂറാംദിന ആഘോഷത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പ്രഖ്യാപിച്ച ഹരിതകേരളം പദ്ധതി. ഇതോടൊപ്പം മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍നല്‍കും. ശുചിമുറികളുടെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിച്ച സംസ്ഥാനത്തെ ആദ്യത്തെ ജില്ലയായി കണ്ണൂര്‍ മാറുകയാണെന്ന് മന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും. സംസ്ഥാനത്തെ ആയിരത്തിലേറെ പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ക്കും തുടക്കമായിട്ടുണ്ട്. ആരോഗ്യവകുപ്പിനുകീഴില്‍ കഴിഞ്ഞ മൂന്നു മാസത്തിനകം മുന്നൂറിലേറെ തസ്തികകള്‍ സൃഷ്ടിച്ചതോടെ ഗ്രാമീണതലത്തില്‍ ഡോക്ടര്‍മാരുടെ ലഭ്യത ഉറപ്പുവരുത്തുന്ന കാര്യത്തില്‍ ഏറെ മുന്നോട്ടുപോകാനായി. ആറുമാസത്തിനകം കൂടുതല്‍ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്താനാകും. കേരളത്തിന്‍െറ തനതായ ജനകീയ ആരോഗ്യമാതൃകയുടെ വിപുലീകരണമാണ് സര്‍ക്കാറിന്‍െറ ലക്ഷ്യം മന്ത്രി പറഞ്ഞു. പ്ളാസ്റ്റിക്കിനെതിരായ ബോധവത്കരണ സന്ദേശത്തിന്‍െറ ഭാഗമായി ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി വാങ്ങിച്ചുനല്‍കിയ സ്റ്റീല്‍ ടിഫിന്‍ കാരിയര്‍ മന്ത്രി സമ്മാനിച്ചു. മന്ത്രി രാാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. പരിപാടിയോടനുബന്ധിച്ച് നടത്തിയ ജില്ലാതല ജലസംരക്ഷണ ശില്‍പശാല മേയര്‍ ഇ.പി. ലത ഉദ്ഘാടനം ചെയ്തു. ജലം-പരിസ്ഥിതി ഫോട്ടോപ്രദര്‍ശനം ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. എം.എല്‍.എമാരായ ജെയിംസ് മാത്യു, സി. കൃഷ്ണന്‍, ഡെപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.കെ. പത്മനാഭന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.