ലോഡ്ജ് മുറിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസ്: മജിസ്ട്രേട്ടിനെ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍

തലശ്ശേരി: ഭാര്യയെ ലോഡ്ജ് മുറിയില്‍ ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയെന്ന കേസില്‍ സംഭവസമയത്ത് കണ്ണൂര്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ടായിരുന്ന ടി.പി. അനില്‍കുമാറിനെ വിസ്തരിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ ഹരജി നല്‍കി. കണ്ണൂര്‍ കാട്ടാമ്പള്ളിയിലെ അമ്പന്‍ ഹൗസില്‍ രവീന്ദ്രന്‍െറ മകള്‍ രമ്യയെ (26) പയ്യന്നൂരിലെ എവറസ്റ്റ് ലോഡ്ജിലെ മുറിയില്‍ കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്ന കേസിലാണ് മജിസ്ട്രേട്ടിനെ വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹരജി നല്‍കിയത്. ഒന്നുമുതല്‍ മൂന്നുവരെ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയ മജിസ്ട്രേട്ടാണ് അനില്‍കുമാര്‍. കേസിലെ ഒന്നാം സാക്ഷിയും ലോഡ്ജ് മാനേജറുമായ ആലിക്കുഞ്ഞി പക്ഷാഘാതം വന്ന് കിടപ്പിലായതിനാല്‍ അദ്ദേഹത്തെ വിസ്തരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ആലിക്കുഞ്ഞിന്‍െറ മൊഴി രേഖപ്പെടുത്തിയ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ടിനെ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ എം.ജെ. ജോണ്‍സന്‍ ഹരജിയിലൂടെ ആവശ്യപ്പെട്ടിട്ടുള്ളത്. പ്രതിയെ വിദേശത്തുനിന്ന് പിടികൂടി നാട്ടിലത്തെിച്ച സി.ഐ അബ്ദുറഹീം, കൊല്ലപ്പെട്ട യുവതിയുടെ പിതാവ് രവീന്ദ്രന്‍, മാതാവ് പ്രഭാവതി, ലോഡ്ജിലെ സെക്യൂരിറ്റി ജീവനക്കാരന്‍, റൂം ബോയ് എന്നിവരുള്‍പ്പെടെയുള്ള സാക്ഷികളെ ഇതിനകം വിസ്തരിച്ചുകഴിഞ്ഞു. രമ്യയുടെ ഭര്‍ത്താവ് കണ്ണൂര്‍ അഴീക്കോട്ടെ പാലോട്ട് വയലില്‍ ഷമ്മികുമാര്‍ (40), മാതാവ് പത്മാവതി (70), സഹോദരന്‍ ലതീഷ്കുമാര്‍ (58) എന്നിവരാണ് കേസിലെ പ്രതികള്‍. 2010 ജനുവരി 22നാണ് കേസിനാസ്പദമായ സംഭവം. കൊലപാതകത്തിനുശേഷം വിദേശത്തേക്കു കടന്ന ഷമ്മികുമാറിനെ ഇന്‍റര്‍പോളിന്‍െറ സഹായത്തോടെയാണ് പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.