കൂത്തുപറമ്പ് നഗരവികസനം: മാസ്റ്റര്‍പ്ളാനിനു രൂപം നല്‍കി

കൂത്തുപറമ്പ്: കൂത്തുപറമ്പിന്‍െറ നഗരവികസനം യാഥാര്‍ഥ്യമാക്കുന്നതിന് വേണ്ടി മാസ്റ്റര്‍പ്ളാനിനു രൂപം നല്‍കി. 20 വര്‍ഷത്തേക്കുള്ള വികസനം മുന്‍കൂട്ടി കണ്ട് ടൗണിന്‍െറ മുഖഛായ തന്നെ മാറ്റുന്ന വന്‍ വികസന പദ്ധതികളാണ് മാസ്റ്റര്‍പ്ളാനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വാണിജ്യ, വ്യവസായ മേഖലകളിലും ആരോഗ്യമേഖലയിലും നടപ്പാക്കേണ്ട നിരവധി പദ്ധതികള്‍ ഇതില്‍ പെടുന്നു. പാറാലില്‍ പുതിയ ബസ് ടെര്‍മിനല്‍ നിര്‍മിക്കുന്നതോടൊപ്പം ബസ്സ്റ്റാന്‍ഡിനെയും തലശ്ശേരി, കണ്ണൂര്‍ റോഡുകളെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ 30 മീറ്റര്‍ വീതിയിലുള്ള ബൈപ്പാസ് റോഡാണ് മാസ്റ്റര്‍ പ്ളാനില്‍ വിഭാവനം ചെയ്തിട്ടുള്ളത്. അതോടൊപ്പം പുറക്കളം, പഴയ നിരത്ത്, വാക്കുമ്മല്‍, ചോരക്കുളം, കുട്ടിക്കുന്ന് റോഡുകളും, മൂര്യാട്, നരവൂര്‍, തൃക്കണ്ണാപുരം, പൂക്കോട് റോഡുകളും നവീകരിച്ച് ബൈപ്പാസ് റോഡുകളായി ഉയര്‍ത്തും. ബസ്വേകള്‍, ഹൈടെക് വെയിറ്റിങ് ഷെല്‍ട്ടറുകള്‍, സുഗമ മിനി ബസ് സര്‍വിസ്, കൂടുതല്‍ പാര്‍ക്കിങ് ഏരിയകള്‍ എന്നിവയും നടപ്പാക്കും. കൂത്തുപറമ്പ് മാര്‍ക്കറ്റിനോടൊപ്പം തൊക്കിലങ്ങാടി, പൂക്കോട് ടൗണുകളെയും വാണിജ്യ മേഖലകളായി ഉയര്‍ത്താനുള്ള പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. വലിയ വെളിച്ചം റോഡില്‍ വ്യവസായ ഇടനാഴി സ്ഥാപിക്കുന്നതോടൊപ്പം ചോരക്കുളത്ത് ഐ.ടി പാര്‍ക്കും സ്ഥാപിക്കും. ആര്‍ട്ട് ഗാലറി, ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്‍റര്‍, സ്പോര്‍ട്സ് അക്കാദമി, മിനി സ്റ്റേഡിയം, സീവേജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റ് എന്നിവയും സ്ഥാപിക്കും. താലൂക്ക് ആശുപത്രിയുടെ വികസനത്തിനും ഒട്ടേറെ പദ്ധതികള്‍ മാസ്റ്റര്‍പ്ളാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്രോമ കെയര്‍, രക്ത ബാങ്ക്, ഡയാലിസിസ് സെന്‍റര്‍, കാന്‍സര്‍ പരിശോധനാ യൂനിറ്റ്, പേ വാര്‍ഡ് എന്നിവയാണ് താലൂക്ക് ആശുപത്രിയില്‍ പുതുതായി സ്ഥാപിക്കുക. അതോടൊപ്പം കാര്‍ഷിക മേഖലയില്‍ എക്സ്പോ സെന്‍റര്‍, മൊബൈല്‍ വെറ്ററിനറി ക്ളിനിക്, ശാസ്ത്രീയ അറവ്ശാല എന്നിവയും സ്ഥാപിക്കും. ജില്ലാ ടൗണ്‍ പ്ളാനറുടെ സഹായത്തോടെ തയാറാക്കിയ പദ്ധതികള്‍ വികസന സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷം സംസ്ഥാന സര്‍ക്കാറിന്‍െറ അംഗീകാരം ലഭിക്കുന്നതിനായി അയച്ചിരിക്കുകയാണ്. നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ചെയര്‍മാന്‍ എം. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. കെ.പി. സുരേഷ് ബാബു, മുന്‍ നഗരസഭാ ചെയര്‍മാന്‍ കെ. ധനഞ്ജയന്‍, നഗരസഭാ വൈസ് ചെയര്‍പേഴ്സന്‍ എം.പി. മറിയംബീവി, കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.