ജുനൈദ് അഹമ്മദിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി: ജീവന്‍ നഷ്ടമായത് ഹൗസ്ബോട്ട് സുരക്ഷാ ക്രമീകരണത്തിലെ പിഴവ്

പഴയങ്ങാടി: ആലപ്പുഴയില്‍ വേമ്പനാട്ട് കായലില്‍ ഹൗസ് ബോട്ടില്‍ നിന്ന് വീണു മരിച്ച മാടായി വാടിക്കലിലെ ജുനൈദ് അഹമ്മദിന് ഗ്രാമം കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി നല്‍കി. വെള്ളിയാഴ്ച ഉച്ചക്കാണ് മാടായി വാടിക്കലില്‍ നിന്ന് ജുനൈദടക്കമുള്ള സംഘം വിനോദ യാത്രക്ക് പോയത്. ജുനൈദിന്‍െറ മൃതദേഹം രാത്രി 10 മണിയോടെയാണ് നാട്ടിലത്തെിച്ചത്. ആദ്യം വീട്ടിലും തുടര്‍ന്ന് മാടായി വാടിക്കല്‍ ഇസ്സത്തുല്‍ ഇസ്ലാം മദ്റസയിലും പൊതുദര്‍ശനത്തിന് വെച്ചു. രാത്രി വൈകിയും വിവിധ മേഖലകളിലുള്ള നൂറുകണക്കിനാളുകള്‍ അന്ത്യോപചാരമര്‍പ്പിച്ചു. അതേസമയം, ജുനൈദ് അഹമ്മദിന്‍െറ ജീവന്‍ നഷ്ടമായത് ബോട്ടിലെ സുരക്ഷാ ക്രമീകരണത്തിലെ പിഴവാണെന്ന് സഹയാത്രികരും ദൃക്സാക്ഷികളും സാക്ഷ്യപ്പെടുത്തുന്നു. ശനിയാഴ്ച 12 മണിയോടെയാണ് സാന്‍റ മറിയ ബോട്ടില്‍ സംഘം ഉല്ലാസ യാത്രയാരംഭിച്ചത്. സന്ധ്യയോടെ ബോട്ട് കരക്കടുത്തായി നിര്‍ത്തിയിട്ടു. ജുനൈദ് അഹമ്മദ് കൂട്ടുകാരോടൊപ്പം ബോട്ടിന്‍െറ മുകള്‍ നിലയിലായിരുന്നു. രാത്രി എട്ടരയോടെ ഭക്ഷണം തയാറായിട്ടുണ്ടോ എന്നറിയാനായിരുന്നു ജുനൈദ് ബോട്ടിന്‍െറ താഴെ നിലയിലേക്കിറങ്ങി വന്നത്. താഴെയുണ്ടായിരുന്ന സഹയാത്രികനോട് കുശലം പറഞ്ഞ് ബാല്‍ക്കണിയിലിരുന്ന ജുനൈദ് അബദ്ധത്തില്‍ കായലിലേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട സഹയാത്രികര്‍ നിലവിളിക്കുമ്പോള്‍ ജുനൈദ് കൈ പൊക്കി രക്ഷാ മാര്‍ഗം തേടുകയായിരുന്നു. വിവരം സഹയാത്രികര്‍ ബോട്ട് ജീവനക്കാരെ ധരിപ്പിച്ചെങ്കിലും ജീവനക്കാര്‍ രക്ഷാ പ്രവര്‍ത്തനത്തിനു മുന്നിട്ടിറങ്ങിയില്ല. തൊട്ടടുത്ത ബോട്ടിലെ ജീവനക്കാരന്‍ വെള്ളത്തിലേക്കെടുത്ത് ചാടിയെങ്കിലും ജുനൈദ് കായലിലേക്ക് മുങ്ങുകയായിരുന്നു. വെള്ളത്തില്‍ അകപ്പെട്ടയാളെ രക്ഷിക്കാനുള്ള സുരക്ഷാ സംവിധാനം ബോട്ടിലുണ്ടായിരുന്നില്ല. രക്ഷാകവചമായി എറിഞ്ഞു കൊടുക്കാവുന്ന വായു സഞ്ചികള്‍ പോലും ഉല്ലാസ ബോട്ടില്‍ കരുതിയിരുന്നില്ളെന്ന് സഹയാത്രികര്‍ പറയുന്നു. അപകടം നടന്ന ബോട്ടില്‍ 13 ലൈഫ് ജാക്കറ്റിന് പകരം ഉണ്ടായിരുന്നത് ഒരെണ്ണം മാത്രമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.