റെയില്‍വേ മാലിന്യത്തിനെതിരെ സമരവുമായി ജീവനക്കാര്‍

കണ്ണൂര്‍: കക്കൂസ് മാലിന്യത്തിന്‍െറ അതിപ്രസരം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ദുരിതം തീര്‍ക്കുന്നു. പരിസര മലിനീകരണവും ദുസ്സഹമായ അന്തരീക്ഷവും കാരണം പൊറുതിമുട്ടിയ റെയില്‍വേ ജീവനക്കാര്‍ സമരത്തിനിറങ്ങാനുള്ള നീക്കത്തിലാണ്. സ്റ്റേഷനില്‍ യാര്‍ഡ് ഏപ്രണ്‍ സ്ഥാപിക്കുന്നതിനായി ‘സ്വച്ഛ് കണ്ണൂര്‍ സ്റ്റേഷന്‍ അഭിയാന്‍’ എന്ന പേരില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് സ്റ്റേഷന്‍ മാസ്റ്റേഴ്സ് അസോസിയേഷന്‍ തീരുമാനം. സ്റ്റേഷനിലെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് യാര്‍ഡ് ഏപ്രണ്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അസോസിയേഷന്‍ സമരം തുടങ്ങിയിരുന്നു. അധികൃതരുടെ ഭാഗത്തുനിന്ന് വാഗ്ദാനം ഉണ്ടായിരുന്നെങ്കിലും ഒരു വര്‍ഷം കഴിഞ്ഞിട്ടും പരിഹാരമുണ്ടാകാത്തതിനെ തുടര്‍ന്നാണ് ‘സ്വച്ഛ് സ്റ്റേഷന്‍ അഭിയാന്‍’ എന്ന പ്രമേയവുമായി ശക്തമായ സമരത്തിനിറങ്ങുന്നത്. സമരത്തിന് മുന്നോടിയായി ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ ജീവനക്കാര്‍ നിരാഹാരമനുഷ്ഠിക്കും. പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം ഒഴിവാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ‘സ്വച്ഛ് ഭാരത് അഭിയാന്‍’ എന്ന പേരില്‍ വന്‍ പ്രചാരണ പരിപാടികളും പദ്ധതികളും നടപ്പാക്കുന്ന ഘട്ടത്തിലാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഈ ദുര്യോഗം. കക്കൂസ് മാലിന്യം വഴി സ്റ്റേഷനില്‍ വൃത്തിഹീനമായ അന്തരീക്ഷം മാത്രമല്ല, ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും വന്‍ ആരോഗ്യ പ്രശ്നങ്ങള്‍ കൂടിയാണ് ഉണ്ടാക്കുന്നതെന്ന കാര്യം അധികൃതര്‍ ഗൗനിക്കുന്നില്ളെന്നാണ് പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.