ലക്ഷദ്വീപ് മാര്‍ക്കറ്റിങ് ഓഫിസ് ഉടനെ: അഴീക്കല്‍ തുറമുഖം ആഴം കൂട്ടാനുള്ള നടപടി ഇഴയുന്നു

കണ്ണൂര്‍: ലക്ഷദ്വീപ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍െറ ബുക്കിങ് ഓഫിസ് അഴീക്കലില്‍ ഉടനെ തുടങ്ങാന്‍ ബന്ധപ്പെട്ടവര്‍ തത്വത്തില്‍ തീരുമാനിച്ചു. അതേസമയം നിശ്ചിത സമയത്തിനുള്ളില്‍ ഉരുവിന് നങ്കൂരമിടാവുന്ന വിധം അഴീക്കല്‍ തുറമുഖം ആഴം കൂട്ടാനുള്ള നടപടി ഇഴയുന്നതും മംഗളൂരു ബിസിനസ് ലോബി ലക്ഷദ്വീപില്‍ പുതിയ ഓഫറുകളുമായി രംഗത്ത് വന്നതും വിനയായി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുന്‍കൈ എടുത്തതിന്‍െറ ഫലമായി കഴിഞ്ഞയാഴ്ച ലക്ഷദ്വീപ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ എം.ഡിയുടെ നേതൃത്വത്തില്‍ ഉന്നത സംഘം അഴീക്കല്‍ തുറമുഖം സന്ദര്‍ശിച്ചിരുന്നു. ഒക്ടോബറോടെ അഴീക്കലില്‍ കയറ്റിറക്കുമതി ചെയ്യാന്‍ ഫെഡറേഷന്‍ സന്നദ്ധമാണെന്ന് തുറമുഖ വകുപ്പിനെ അറിയിച്ചുവെന്നാണ് വിവരം. ലക്ഷദ്വീപില്‍ നിന്ന് ഇതുവരെയും വ്യക്തിഗത സ്ഥാപനങ്ങളല്ലാതെ കണ്ണൂരില്‍ കയറ്റിറക്കുമതി കരാര്‍ ഉണ്ടാക്കിയിരുന്നില്ല. കൊച്ചിയിലും ബേപ്പൂരിലും ഫെഡറേഷന് ഓഫിസുകളുണ്ട്. ഇവിടെ നിന്നാണ് ചരക്ക് ടെന്‍ഡര്‍ ക്ഷണിക്കുന്നതും കയറ്റിറക്കുമതി കരാര്‍ ഉറപ്പാക്കുന്നതും. അഴീക്കല്‍ തുറമുഖത്ത് സൗകര്യം കിട്ടിയാല്‍ ഏറ്റവും കൂടുതല്‍ കയറ്റിറക്കുമതി നടത്തുന്ന ആന്ത്രോത്ത് ദ്വീപിന് അനുഗ്രഹമാണ്. മംഗളൂരുവിലും ബേപ്പൂരിലുമാണ് ആന്ത്രോത്ത് ദ്വീപിന്‍െറ ഉരുക്കള്‍ ഇപ്പോള്‍ വന്ന് പോകുന്നത്. മത്സ്യവും തേങ്ങയും ഒഴികെയുള്ള പലചരക്ക് മുഴുവന്‍ ദ്വീപ് സമൂഹത്തിലേക്ക് കയറ്റുമതി ചെയ്യാം. ദ്വീപിലെ മികച്ചയിനം നാളികേരവും ഉത്തരമലബാറിലെ വെളിച്ചെണ്ണ മില്ലുകള്‍ക്ക് ഇറക്കുമതി ചെയ്യാനാവും. അതേസമയം, മംഗളൂരുവില്‍ നിലവില്‍ ദ്വീപ് സമൂഹങ്ങള്‍ക്ക് പ്രത്യേകം നികുതി ഇളവും തുറമുഖ പ്രവേശ ഫീസ് സൗജന്യവും അനുവദിക്കുന്നുണ്ട്. അഴീക്കല്‍ തുറമുഖവുമായി ലക്ഷദ്വീപ് വ്യാപാര ഉടമ്പടി യാഥാര്‍ഥ്യമാവുന്നത് മംഗളൂരു ലോബിക്ക് അലോസരമാണ്. ഇത് മുന്നില്‍ കണ്ട് ഇപ്പോള്‍ തന്നെ പ്രലോഭനങ്ങളും തടസ്സവാദങ്ങളുമായി അവര്‍ രംഗത്തുണ്ടെന്നാണ് വിവരം. തുറമുഖത്തിന്‍െറ ആഴം നാലരമീറ്ററെങ്കിലും വേണമെന്ന നിബന്ധന ലക്ഷദ്വീപ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ വൃത്തങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. അഴീക്കലില്‍ ഇപ്പോള്‍ മൂന്നര മീറ്റര്‍ ആഴമേ ഉള്ളൂ. ഡ്രഡ്ജിങ് യന്ത്രം എട്ടുമാസമായി തീരത്ത് തുരുമ്പെടുക്കുകയാണ്. യന്ത്രത്തോടൊപ്പം പൈപ് വാങ്ങാതിരുന്നതാണ് ഉപയോഗിക്കുന്നതിന് തടസ്സമായത്. എത്രയും വേഗം പൈപ് കൊണ്ടു വന്ന് ഡ്രഡ്ജിങ് തുടങ്ങാനും തുറമുഖ വകുപ്പ് തീവ്ര ശ്രമത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.