പൊതുജനത്തിന് പരാതി അറിയിക്കാന്‍ ഫോര്‍ ദ പീപ്ള്‍ വെബ്സൈറ്റ് –മന്ത്രി

തലശ്ശേരി: തദ്ദേശസ്ഥാപനങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥരെ സംബന്ധിച്ചുമുള്ള പരാതികള്‍ അറിയിക്കുന്നതിന് ഫോര്‍ ദ പീപ്ള്‍ എന്നപേരിലുള്ള സോഫ്റ്റ്വേര്‍ ഒക്ടോബറില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് മന്ത്രി കെ.ടി. ജലീല്‍. പരാതികള്‍ ഓഡിയോ, വിഡിയോ ക്ളിപ്പിങ്ങായി സൈറ്റില്‍ അപ്ലോഡ് ചെയ്യാം. എല്ലാവരും വിചാരിച്ചാല്‍ അഴിമതി അവസാനിപ്പിക്കാനാകും. ഒന്നാം ജനകീയാസൂത്രണത്തിന്‍െറ ന്യൂനത പരിഹരിച്ച് രണ്ടാം ജനകീയാസൂത്രണം സംസ്ഥാനത്ത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. നഗരസഭ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടനികുതി ഉള്‍പ്പെടെ തദ്ദേശസ്ഥാപനങ്ങളിലെ വിവിധ നികുതികള്‍ പുനര്‍നിര്‍ണയിക്കേണ്ടതുണ്ട്. രണ്ടു പതിറ്റാണ്ടുമുമ്പ് നിശ്ചയിച്ച വസ്തുനികുതിയാണ് ഇപ്പോഴുമുള്ളത്. വര്‍ഷാവര്‍ഷം ചെറിയ ശതമാനമെങ്കിലും നികുതി വര്‍ധിപ്പിക്കണം. നികുതിവര്‍ധന സംബന്ധിച്ച് ഒരു പാക്കേജ് സര്‍ക്കാറിന്‍െറ ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കോര്‍പറേഷനും നഗരസഭയും പഞ്ചായത്തും മൂന്നു മേഖലകളായി തിരിച്ചുള്ള ബില്‍ഡിങ് റൂള്‍ നടപ്പാക്കുന്നത് സര്‍ക്കാറിന്‍െറ പരിഗണനയിലാണ്. തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കായി കോമണ്‍ സര്‍വിസ് നടപ്പാക്കുന്നത് സംബന്ധിച്ച ബില്‍ വൈകാതെ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ സി.കെ. രമേശന്‍ ഉപഹാരം നല്‍കി. ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴില്‍ തലശ്ശേരിയില്‍ പി.എസ്.സി-യു.പി.എസ്.സി പരിശീലനകേന്ദ്രം ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. എ.എന്‍. ഷംസീര്‍ എം.എല്‍.എ ചടങ്ങില്‍ പങ്കെടുത്തു. വൈസ് ചെയര്‍മാന്‍ നജ്മ ഹാഷിം സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.