യഥാര്‍ഥ വിശ്വാസിക്ക് വര്‍ഗീയവാദിയാകാന്‍ സാധിക്കില്ല –മന്ത്രി കെ.ടി. ജലീല്‍

തലശ്ശേരി: യഥാര്‍ഥ വിശ്വാസികള്‍ക്കും മതത്തെ ശരിയായി വിശകലനം ചെയ്യുന്നവര്‍ക്കും മതാന്ധരും വര്‍ഗീയവാദിയുമാകാന്‍ സാധിക്കില്ളെന്ന് തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍. തലശ്ശേരി ആസാദ് ലൈബ്രറി 115ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസവും മതവും ശരിയായ അര്‍ഥത്തില്‍ മനസിലാക്കിയാല്‍ അവയെ ഭിന്നിപ്പിന്‍െറ ആധാരമാക്കി മാറ്റാനാവില്ല. മതത്തിന്‍െറ പേരില്‍ മതപരമല്ലാത്തത് ചെയ്യല്‍ വര്‍ഗീയവാദിയുടെ മതമെന്നാണ് ഗാന്ധിജി പറഞ്ഞത്. ബഹുമത സാമൂഹികാന്തരീക്ഷത്തില്‍ പരസ്പരം അംഗീകരിച്ച് എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിച്ച ദേശീയനേതാവായിരുന്നു മൗലാന അബുല്‍കലാം ആസാദ്. ഖുര്‍ആര്‍ വ്യാഖ്യാനമെഴുതിയ തികഞ്ഞ മതവിശ്വാസിയായ ആസാദ് ഒരിക്കലും സങ്കുചിത മതവാദിയായിരുന്നില്ല. അതേസമയം മതത്തെക്കുറിച്ച് ഒരു പുസ്തകം പോലും എഴുതാത്ത മുഹമ്മദലി ജിന്നയാവട്ടെ തികഞ്ഞ വര്‍ഗീയവാദിയായിരുന്നു. മതനിരപേക്ഷ ചിന്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ഗ്രന്ഥശാലകള്‍ വലിയ പങ്കുവഹിച്ചു. അമ്പലത്തില്‍ പോയാല്‍ ഹിന്ദുവിനെയും പള്ളിയില്‍ പോയാല്‍ ക്രിസ്ത്യാനികളെയും മോസ്കുകളില്‍ ചെന്നാല്‍ മുസ്ലിമിനെയുമാണ് നാം കാണുക. സമൂഹത്തെ യഥാര്‍ഥ രീതിയില്‍ കാണണമെങ്കില്‍ നാം വായനശാലയിലും മറ്റും പോകേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എ.എന്‍. ഷംസീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ജനറല്‍ സെക്രട്ടറി സി. സോമന്‍ ആഘോഷപരിപാടികളുടെ ആമുഖം വിശദീകരിച്ചു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടന്‍ മുഖ്യാതിഥിയായി. സാഹിത്യകാരന്‍ എം. മുകുന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. വെബ്സൈറ്റ് പ്രകാശനം നഗരസഭാ ചെയര്‍മാന്‍ സി.കെ. രമേശനും എം. പത്മനാഭന്‍ മാസ്റ്റര്‍ അനുസ്മരണം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. ബൈജുവും ഉദ്ഘാടനം ചെയ്തു. ഡോക്യുമെന്‍ററി സ്വിച് ഓണ്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് കവിയൂര്‍ രാജഗോപാലും ആഘോഷപരിപാടികളുടെ ബ്രോഷര്‍ പ്രകാശനം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് കെ.പി. പ്രദീപ് കുമാറും നിര്‍വഹിച്ചു. വാര്‍ഷികാഘോഷ ലോഗോ രൂപകല്‍പന ചെയ്ത കെ.കെ. ഷിബിന് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. സുരേഷ് ബാബുവും ഹൈസ്കൂള്‍ വായന മത്സരവിജയികള്‍ക്കുള്ള സമ്മാനവിതരണം ലൈബ്രറി കൗണ്‍സില്‍ എക്സി. മെമ്പര്‍ സുധാ അഴീക്കോടനും നിര്‍വഹിച്ചു. എം.സി. പവിത്രന്‍, എം.പി. അരവിന്ദാക്ഷന്‍, എന്‍. ഹരിദാസന്‍, ഇ.പി.ആര്‍. വേശാല, കെ. വിനയരാജ്, അഡ്വ. കെ.കെ. രമേശ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് സലിം, കെ.എ. ലത്തീഫ്, അഡ്വ. സി.ഒ.ടി. ഉമ്മര്‍, പൊന്ന്യം കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സ്പോര്‍ടിങ് യൂത്ത്സ് ലൈബ്രറി ഗായകസംഘത്തിന്‍െറ സ്വാഗതഗാനത്തോടെയായിരുന്നു തുടക്കം. കോളിക്കടവ് ചിലമ്പിന്‍െറ നാടന്‍പാട്ടും തലശ്ശേരി ഹരിശ്രീയുടെ മിമിക്സ്പരേഡു മുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.