റാസല്‍ ഖൈമയില്‍ അപകടത്തില്‍ മരിച്ച വിനോദിന് യാത്രാമൊഴി

തൃക്കരിപ്പൂര്‍: കഴിഞ്ഞ തിങ്കളാഴ്ച റാസല്‍ ഖൈമയില്‍ വാഹനാപകടത്തില്‍ മരിച്ച എടാട്ടുമ്മലിലെ വിനോദിന് നാടിന്‍െറ യാത്രാമൊഴി. എടാട്ടുമ്മല്‍ ആലുംവളപ്പില്‍ വി.കെ.സി സ്മാരക വായനശാലക്ക് സമീപം മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ചു. ഫുട്ബാള്‍ ഗ്രാമമായ എടാട്ടുമ്മലില്‍ നിന്നുള്ള മുന്‍ ഫുട്ബാള്‍ താരം കൂടിയായ വിനോദിന്‍െറ ചേതനയറ്റ ദേഹം ഒരു നോക്ക് കാണാന്‍ പരിസര പ്രദേശങ്ങളില്‍നിന്നുവരെ നാനാതുറകളിലുള്ളവര്‍ എത്തിയിരുന്നു. സന്ദര്‍ശകവിസയില്‍ ദുബൈയിലത്തെിയ ഭാര്യ ജെയ്മിനിയെ താമസസ്ഥലത്തേക്ക് കൂട്ടി കൊണ്ടുപോകുമ്പോഴാണ് കാറിന്‍െറ ടയര്‍ ഊരിത്തെറിച്ച് അപകടത്തില്‍ പെട്ടത്. ഗുരുതര പരിക്കേറ്റ വിനോദ് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ആറു മാസം മുമ്പായിരുന്നു വിനോദിന്‍െറ വിവാഹം. പുതിയ വീടിന്‍െറ നിര്‍മാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലത്തെി നില്‍ക്കെയാണ് വിധി തട്ടിയെടുത്തത്. ബലിപെരുന്നാളിന്‍െറ അവധിയായതിനാലാണ് മൃതദേഹം നാട്ടിലത്തെിക്കാന്‍ വൈകിയത്. പ്രവാസി സംഘടനകളും നാട്ടുകാരും മുന്‍കൈയെടുത്ത് വെള്ളിയാഴ്ച മംഗളൂരു വഴിയാണ് മൃതദേഹം നാട്ടിലത്തെിച്ചത്. സംസ്ഥാന സ്കൂള്‍ ഫുട്ബാള്‍ മേളയില്‍ ആദ്യമായി ട്രോഫി നേടിയ കാസര്‍കോട് ജില്ലാ ടീമില്‍ അംഗമായിരുന്നു. കേരള സ്കൂള്‍ ഗെയിംസിലും തൃക്കരിപ്പൂര്‍ ഗവ. ഹൈസ്കൂളിന്‍െറ പ്രതിനിധിയായി ജില്ലക്ക് വേണ്ടി ജഴ്സിയണിഞ്ഞിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍, ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. കെ.കെ. രാജേന്ദ്രന്‍, ജനതാദള്‍ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്‍റ് പി. കോരന്‍, എ.വി. രാമകൃഷ്ണന്‍, പ്രഫ. കെ. ശങ്കരന്‍, പഞ്ചായത്ത് അംഗങ്ങളായ പി. തമ്പാന്‍ നായര്‍, ടി.വി. കുഞ്ഞികൃഷ്ണന്‍, കെ.വി. ഗണേശന്‍, ടി. കുഞ്ഞിരാമന്‍, സി. രവി, ടി.വി. ബാലകൃഷ്ണന്‍, എം. ഗംഗാധരന്‍ തുടങ്ങിയവരും അന്തിമോപചാരമര്‍പ്പിച്ചു. ഉച്ചയോടെ സമുദായ ശ്മശാനത്തില്‍ സംസ്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.